Friday, 17 June 2016

B-3 യിലെ യാഗാശ്വം

Written by : Melvin Jose
Cartoons by : Mujeeb Patla 

ആദ്യ തവണ സിവിൽ സർവീസ് പരീക്ഷ എഴുതി,  പ്രിലിമിനറി  പോലും പാസ്  ആകാതെ ഡെസ്പ് ആയി ഇരിക്കുന്ന സമയത്താണ് ഡെൽഹിക്ക് പോയി ഒരു ശക്തമായ പ്രിപ്പറേഷൻ നടത്തിയാലോ എന്ന ആലോചന മനസ്സിൽ വരുന്നത്.  അങ്ങനെ പോകണോ വേണ്ടയോ എന്ന ചിന്ത കൈയ്യാല മേലെയുള്ള തേങ്ങ പോലെ ഒരു തീരുമാനം ആകാതെ ഇരിക്കുമ്പോഴാണ് ഏകദേശം ഇതേ പ്രശ്നം ആലോചിച്ച് തല പുകഞ്ഞിരിക്കുന്ന മറ്റൊരു സിവിൽ സർവിസ് സഹപാഠി  ജിൻസിനെ പരിചയപ്പെടുന്നത് .
കൂലങ്കഷമായ ചർച്ചകൾക്കൊടുവിൽ ജിൻസ് ' കൈയ്യാലമേലെയുള്ള തേങ്ങ ' തള്ളിയിട്ടു , ഡെൽഹി സൈഡിലെയ്ക്ക് ...അങ്ങനെ കേരളാ എക്സ്പ്രസ്സിൽ കയറി ഡെൽഹിക്ക് !!!!.... 

എത്തി ഒരു ആഴ്ചകൊണ്ടുതന്നെ കരോൾ ഭാഗിൽ ഫ്ലാറ്റ് കണ്ടുപിടിച്ചു . ഒട്ടുമിക്ക നോർത്ത് ഇന്ത്യക്കാർക്കും സൗത്ത് ഇന്ത്യയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഫ്ലാറ്റിന് അഡ്വാൻസ് കൊടുക്കാൻ ചെന്നപ്പോൾ ഹൗസ് ഓണർ പറഞ്ഞു : " കേരളം അല്ലെ , കേട്ടിട്ടുണ്ട് ധാരാളം!! ഒരു വട്ടം പോയിട്ടുമുണ്ട് , ആസ്സാമിന്റെ അല്പം വടക്കായിട്ടല്ലേ ?? ". കൂട്ടത്തിൽ ഹ്യൂമർ സെന്സ് അല്പം കുടുതലുള്ള അനൂപ് പറഞ്ഞു : " അതെ അമ്മാവാ.. അസ്സാം ജംക്ഷനീന്നു ഒരു പത്തു മിനുട്ട് യാത്രയെ ഉള്ളു !!! "

വാജിറാം കോച്ചിങ്ങ് സെന്ററിലെ ബി-3 എന്ന ഞങ്ങളുടെ ക്ലാസ്സിൽ മുന്നൂറ് ആൾക്കാരാണ് ഉണ്ടായിരുന്നത്. വെറും ഒരു വർഷത്തെ കോർസ് ആയതുകൊണ്ടും, ജയിക്കാനുള്ളത്തിലേറെ തോല്ക്കാൻ സാധ്യത ഉള്ള IAS പരീക്ഷ ആണ് സംഭവം എന്നുള്ളതിനാലും, പിള്ളേര് തമ്മിൽ കാര്യമായ പരിചയവും വർത്തമാനവും ഒന്നും ഇല്ല !! ഞങ്ങൾ മലയാളികളും ഏതാനും സർദാർജിമാരും ആയിരുന്നു അല്പമെങ്കിലും സൗഹൃദം കൊണ്ടുനടന്നിരുന്നത്..

ക്ലാസ്സുകൾ രണ്ടു മാസം പിന്നിട്ടു. നവംബർ ആയപ്പോൾ ഡൽഹിയിൽ തണുപ്പ് തുടങ്ങി. സ്വെറ്ററും കോട്ടും ഒക്കെയിട്ടാണ് ക്ലാസ്സിൽ പോക്ക് ... അങ്ങനെയൊരു തണുത്ത ദിവസം ക്ലാസ്സിലേയ്ക്ക് കയറിവന്ന ഒരു പെണ്‍കുട്ടിയെ ചൂണ്ടി മലയാളി ഗ്യാങ്ങിലെ അംഗം രവി പറഞ്ഞു : " ദേ നോക്കിയേ ...മൈമുന !!! "

രവിയുടെ ഡിസ്കവറി ശരിയായിരുന്നു. മലയാളം ഓപ്ഷണൽ പേപ്പറിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്ന ഖസാക്കിന്റെ ഇതിഹാസം' എന്ന ക്ലാസ്സിക് നോവലിലെ മൈമുന എന്ന അതിസുന്ദരിയായ നായികാ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഒരു രൂപമായിരുന്നു കടന്നുവന്നത് :
 ...പച്ച ചുരിദാറിന്റെ കൈകൾ മുട്ടുവരെ മടക്കി വച്ചിരിക്കുന്നു ..ഗോദമ്പു നിറമുള്ള കൈകളിൽ നീല ഞരമ്പുകൾ തെളിഞ്ഞു കാണാം . തലമുടി  ഷാളുകൊണ്ടു മൂടിയിട്ടുണ്ടെങ്കിലും, കുറച്ച് നെറ്റിയിലേയ്ക്കു പാറിപ്പറന്ന് കിടക്കുന്നു .മിനുക്കിയ മാർബിൾ പോലെ നിരയൊത്ത പല്ലുകൾ തെളിയുന്ന മന്ദഹാസം !!! ഇതെല്ലാം ഖസാക്കിന്റെ ഇതിഹാസകാരൻ ഓ. വി. വിജയൻ സൃഷ്ടിച്ച , ‘ഖസാക്കിന്റെ യാഗാശ്വം’ എന്ന് വിശേഷിപ്പിച്ച , 'മൈമുന' എന്ന നായികയുടെ അതേ ഫീച്ചേർസ് ആയിരുന്നു.

സത്യത്തിൽ, നോവലിൽ കണ്ട ആ കഥാപാത്രം നേരിട്ട് മുന്നിൽ അവതരിച്ചപോലെ തോന്നി. കോസ്റ്റ്യൂമിന്റെ കളറടക്കം ഡിറ്റൊ 'മൈമുന' !!!!!

" ശ്ശോ...ഇത്രയും വലിയ ഒരു സുന്ദരി ഈ ക്ലാസ്സിൽ ഉണ്ടായിട്ട് നമ്മൾ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ !!! " എന്ന് അനൂപ്‌ നെടുവീർപ്പിട്ടു ...
പക്ഷെ ഞങ്ങളുടെ കൂട്ടത്തിലെ അച്ചായൻ 'സൈമണ്‍ ' മാത്രം ഈ കമന്റുകൾ ഒന്നും കേൾക്കാതെ അവളെത്തന്നെ നോക്കിയിരിക്കുന്നത് ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. പേര് അറിയാത്ത ആ ഉത്തരേന്ത്യൻ പെൺകുട്ടിയെ അന്നുമുത്തൽ ഞങ്ങൾ ' മൈമുന ' എന്ന് പറഞ്ഞുതുടങ്ങി.

ഖസാക്കിലെ മൈമുന, ആ ഗ്രാമത്തിലെ ഓരോ യുവ ഹൃദയങ്ങളിലൂടെയും ഒരു യാഗാശ്വത്തെപ്പോലെ പാഞ്ഞു നടന്നു എന്നാണ് നോവലിൽ പറയുന്നത്. ഒരു സിമിലർ ഇഫക്റ്റ് , ഞങ്ങളുടെ ലോല ഹൃദയങ്ങളിലും ഉണ്ടാക്കാൻ വെറും ഒരാഴ്ച കൊണ്ട് ആ പെണ്കുട്ടിക്ക് സാധിച്ചു എന്നത് ഒരു നഗ്ന സത്യം മാത്രമാണ് !!

മൈമുനയോട് ഒന്ന് സംസാരിക്കാൻ ഞങ്ങളുടെ മലയാളി ഗ്യാംഗിലെ പലരും കൊതിച്ചു ...പക്ഷെ അവസരം കിട്ടിയില്ല. 
ഒരു ദിവസം ' HARYANA ' എന്നെഴുതിയ ഒരു ടീ ഷർട്ട് ഇട്ട് മൈമുന വന്നപ്പോഴാണ് യാഗാശ്വം ഹരിയാനക്കാരിയാണെന്ന് നമ്മൾ അറിയുന്നത്. അങ്ങനെ ആദ്യമായി ആൾടെ ഒരു ഡീറ്റെയിൽ കിട്ടി : സംസ്ഥാനം ഹരിയാന !!! മറ്റൊന്നും അറിയില്ല, ശരിക്കുള്ള  പേര് പോലും..

എന്നെങ്കിലും സംസാരിക്കാൻ ഒരു അവസരം കിട്ടിയാൽ പ്രയോഗിക്കാനായി അനൂപും സൈമണും ഹരിയാന സംസ്ഥാനത്തിന്റെ കുറെ ഡീറ്റെയിൽസ് വിക്കിപീഡിയയിൽനിന്നും  അറ്റ്ലസ്സിൽനിന്നും ഒക്കെ തപ്പിയെടുത്തു : ഹരിയാനയുടെ കാർഷിക ഉത്പന്നങ്ങൾ മുതൽ അവിടെ നടന്ന, ഭാരത ചരിത്രത്തെത്തന്നെ മാറ്റിമറിച്ച കുരുക്ഷേത്ര, പാനിപ്പട്ട്, കർണാൽ മുതലായ യുദ്ധങ്ങളെപ്പറ്റി വരെ !!!

മൈനുനയോട് ആദ്യമായി ഒരു വാക്ക് മൊഴിയാൻ സാഹചര്യം കിട്ടുന്ന ആ ദിവസം ഹരിയാന ഒരു ഹരിത സ്വർഗ്ഗമാണെന്നും കേരളം, ദൈവം കൺട്രികൾക്കു വേണ്ടി സൃഷ്ടിച്ച നാടു മാത്രം ആണെന്നും പറയാൻ ഇവർ എകപക്ഷീയമായി തീരുമാനിച്ചു . മലയാളി സ്പിരിറ്റ് !!!

കഥയിലെ ട്വിസ്റ്റ്‌ നടക്കുന്നത് തണുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു ജനുവരി മാസം വൈകുന്നേരം ആണ്. സൈമണെ ക്ലാസ് കഴിഞ്ഞ് ഇറങ്ങി വരുന്ന വഴിക്ക് മൈമുന ഒന്ന് നോക്കി!! ഒരു തവണയല്ല , പല തവണ ആ കണ്ണുകൾ ഇടഞ്ഞു ....സൈമണ്‍ ബഹുത്ത് ഹാപ്പി ആയി. അവിടെ അടുത്ത് ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ദീദിയുടെ അതിരക് ചായ (ഇഞ്ചി ചേർത്ത ചായ) വാങ്ങിത്തന്ന് അവൻ ഞങ്ങൾക്ക് ചെലവു ചെയ്തു !!!

"..അവള് വേറെ വല്ലതും ആലോചിച്ചു നോക്കിയതായിരിക്കും ..."
"...നോക്കിയന്നു നമ്മക്ക് വെറുതെ തോന്നിയതായിരിക്കും ..."
" ...ഈ സംസ്കാരശൂന്യൻ എവിടുന്നു വന്നു എന്ന് വിചാരിച്ച് നോക്കിയതായിരിക്കും .."
എന്നിങ്ങനെ പലതും പറഞ്ഞ് ഞങ്ങൾ ഉള്ളിലെ അസൂയയ്ക്ക് ആശ്വാസം കണ്ടെത്തി . പക്ഷെ യാധാർഥ്യം  വേദനാജനകമാണെന്ന് ഞങ്ങൾ പിറ്റേന്ന് മനസിലാക്കി !!!

അതെ. മൈമുന സൈമണെ പിറ്റേന്നും നോക്കി , അവൻ തിരിച്ചും . പിന്നീടങ്ങോട്ട് അതൊരു പതിവായി . ക്ലാസ്സിലേയ്ക്ക് വരുമ്പോഴും , ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോഴും, ഞങ്ങളുടെ സ്ഥിരം വിശ്രമ പോയിന്റ്‌ ആയിരുന്ന ദീദിയുടെ ഉന്തുവണ്ടിച്ചായക്കട കടന്ന് സ്വന്തം മുറിയിലേയ്ക്ക് പോകുമ്പോഴും മൈമുന തവിട്ടു നിറമുള്ള കണ്ണുകൾ കൊണ്ടു സൈമണെ നോക്കി, " എന്നോട് എന്തോ പറയാൻ ഇല്ലേ ?? " എന്ന അർഥത്തിൽ  !!

സൈമണ്‍ന്റെ കാര്യമാണെങ്കിൽ പറയാനില്ല. മൈമുനയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ, ടൈറ്റാനിക് സിനിമയിൽ കപ്പൽ മുങ്ങാൻ നേരത്ത് കൈകുഞ്ഞുമായി ഓടിവരുന്ന ടർക്കിഷ് അമ്മ, " kapitan ..kapitan ..where should  we go ..." എന്ന് ചോദിക്കുമ്പോൾ ക്യാപ്റ്റന്റെ മുഖത്തുണ്ടായിരുന്ന അതെ ഭാവമാണ് കക്ഷിക്ക് : ..എന്താ പറയണ്ടെ ?? എന്താ ചെയ്യണ്ടെ ???
ഇതൊക്കെ സ്ഥിരം കണ്ട് ഞങ്ങളുടെ പോലും ക്ഷമ നശിച്ചു. അനൂപ്‌ സൈമണോടു ചോദിച്ചു :
" ഡേയ് ...നിനക്ക് അവളോട് എന്തെങ്കിലും ഒന്ന് മിണ്ടാമ്മേലേ....എത്ര ദിവസമായെടാ അവള് നിന്നെ ഇങ്ങനെ നോക്കുന്നു...വെറുതെ മലയാളികൾക്ക് ചീത്തപ്പേര്‌ ഉണ്ടാക്കല്ലേ !!"

പക്ഷെ സൈമണ്‍ സത്യത്തിൽ ടൈറ്റാനിക് ക്യാപ്റ്റന്റെ അവസ്ഥയിൽ തന്നെ ആയിരുന്നു. എ സിറ്റുവേഷൻ ഓഫ് ടോട്ടൽ കൺഫ്യുഷൻ !! :
" ഡാ, ഒന്ന് പോയി സംസാരിക്കണം എന്ന് എനിക്കും ഉണ്ട്..പക്ഷെ ഇപ്പൊ എന്തുപറഞ്ഞോണ്ടാ അവൾടെ അടുത്ത് ചെല്ലുക ??"   
കൃത്യ സമയം നോക്കി ഹെവി ബ്ലാക്ക് ഹ്യൂമർ അടിക്കാനുള്ള അനൂപിന്റെ നൈസർഗികമായ കഴിവ് ഉണർന്നു: " നീ ഒരു കാര്യം ചെയ്യ്‌. പോയി അവളോട് രാമായണം യുദ്ധ കാണ്ഡം കഥ ഒന്ന് ചുരുക്കി പറഞ്ഞു തരാമോന്ന് ചോദിക്ക്. അവള് പറഞ്ഞു കഴിയുമ്പം നീ യേശുവിന്റെ പീഡാനുഭവവും കുരിശു മരണവും ഒക്കെ അവൾക്കും പറഞ്ഞു കൊടുക്ക് .."

                   ഒരു ശനിയാഴ്ച്ച, ക്ലാസ് കഴിഞ്ഞ് ദീദിയുടെ കടയിൽ ചായകുടിച്ച് നിൽക്കുമ്പോഴാണ് അന്ന് രാത്രി ഉണ്ടാക്കാൻ പ്ലാൻ ചെയ്തിരുന്ന ചിക്കൻ കറിയ്ക്ക് ചേർക്കാൻ തൈര് വാങ്ങാനായി അല്പം അപ്പുറത്തുള്ള Mother's Diary (നമ്മുടെ മിൽമ പോലെ) കടയിലേയ്ക്ക് ഞങ്ങൾ സൈമണെ പറഞ്ഞ് വിടുന്നത് .അവൻ കടയിൽ ചെന്നപ്പോൾ അവിടെ നിൽക്കുന്ന പയ്യന് ഇംഗ്ലിഷ് അറിയില്ല, സൈമണാണെങ്കിൽ ഒട്ടും ഹിന്ദിയും അറിയില്ല.

" ഭയ്യാ curd ... curd ..." എന്ന് പല തവണ സൈമണ്‍ പറഞ്ഞെങ്കിലും, പയ്യന് മനസ്സിലായില്ല. അപ്പോൾ തൊട്ടടുത്തുനിന്നൊരു മധുര ശബ്ദം കടക്കാരൻ പൈയ്യനോടു പറഞ്ഞു:
" ഭയ്യാ .. വോ ദഹി മാംഗ് രഹാ ഹെ..” (അനിയാ അയാൾക്ക്‌ തൈര് വേണമെന്നാ പറയുന്നത്.)

കടക്കാരൻ തൈര് എടുത്തു കൊടുത്തു. സൈമണ്‍ നന്ദിയോടെ ആ ശബ്ദത്തിന്റെ ഉടമയെ നോക്കാനായി തല തിരിച്ചു...ഹൃദയത്തിൽ ആയിരക്കണക്കിന് കൊള്ളിമീനുകൾ ഒട്ടും ദയയില്ലാതെ പാഞ്ഞു കയറി!!! മൈമുന...മൈമുനയാണ് സഹായിച്ചത്...അവൾ അവിടുന്ന് പാല് വാങ്ങി. പോകുന്നതിനു മുൻപ് മൈമുന സൈമണ്‍നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ദൈവം സഹായിച്ച് അപ്പോൾ അവനു വായ തുറക്കാൻ തോന്നി:

“ Hi..thanks…”
“..You don’t know hindi ??? "…മൈമുന ചോദിച്ചു .
“..Not much…you really helped me..”
“..No mention…” മൈമുന വീണ്ടും മനോഹരമായി ചിരിച്ചു.
അവൾ ചോദിച്ചു : “ where are you from ??? “
“..Cochin..kerala…” സൈമണ്‍ മറുപടി പറഞ്ഞു.
“..Oh..cochin ..i know….a port city right….so you can see the 'Sea' every day …isn’t it ???..” മൈമുന കൊച്ചിയെക്കുറിച്ച് ആവേശത്തോടെ ചോദിച്ചു.
“ Yes usually.…why you asked like that ??? You like Sea very much ???..” സൈമണ്‍ ചോദിച്ചു .
മൈമുന അല്പം ദുഖത്തോടെ പറഞ്ഞു: “..Yes I like it very much…but never had the fortune to see once !!! …” 

ശരിയാണ്. ഹരിയാനയും പഞ്ചാബും പോലെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനക്കാർക്ക് കടൽ കാണുക എന്നത് പലപ്പൊഴും നടക്കാത്ത സ്വപ്നമാണ്‌....അവൾ ഹരിയാനക്കാരിയാണെന്ന് അറിയാമായിരുന്നിട്ടും സൈമണ്‍ ചോദിച്ചു : 
" So..where are you from..??"
 “Paanipat , Haryana …”. മൈമുന വിനയത്തോടെ പറഞ്ഞു.

സൈമണ്‍ ഒരു ദീർഖ ശ്വാസം എടുത്തു .... ഹരിയാനയെപ്പറ്റി നടത്തിയ റിസേർച്ച് പുറത്തെടുക്കാനുള്ള അവസരം ഇതാ !!!!

" Oh…panipat!!!…the city founded by Pandavas….the great battle field of India…എന്ന് പറഞ്ഞ് അവനങ്ങ് തുടങ്ങി. പിന്നെ മൂന്ന് പാനിപ്പട്ട് യുദ്ധങ്ങളെ പറ്റിയും, പരാജയവും മരണവും ഉറപ്പിച്ച് പാനിപ്പട്ടിലെ യുദ്ധഭൂമിയിലെയ്ക്ക് പോയിട്ട് ഒടുവിൽ ബ്രിട്ടീഷ് രാജ്ഞി പോലും തൊഴുതുപോയ ചക്രവർത്തിയായി മാറിയ അക്ബറിനെക്കുറിച്ചും ഒക്കെ അങ്ങ് കവിതാത്മകമായി വാചാലനായി... ആറാം തമ്പുരാൻ സിനിമേല് ലാലേട്ടൻ ' സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി  സിംഹത്തിന്റെ മടയിൽ പോയ ' കഥ പറയുന്നതുപോലെ  ഒരു അഞ്ച് മിനുട്ടിന്റെ അലക്ക് !!

അവസാനം , “…..You know, while building the Red fort in Delhi, the fifth Mughal emperor Shah Jahan told : ' If Panipat is lost, Delhi is lost…If Delhi is lost, entire India is lost…'
Oh..such a great city.. I love that place…”

എന്നും പറഞ്ഞിട്ട് സൈമണ്‍ അഭിമാനത്തോടെ മൈമുനയെ നോക്കി ...അവൾ നിർനിമേഷയായി സൈമണെ ഒന്ന് അടിമുടി നോക്കി. താൻ പിറന്നു വീണ നഗരത്തെക്കുറിച്ച് ഇന്നുവരെ കേൾക്കാത്ത കാര്യങ്ങളാണ് എത്രയോ ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം നിന്നുവരുന്ന ഒരു മദ്രാസി പറയുന്നത്. അത്ഭുതം നിറഞ്ഞ തവിട്ടു കണ്ണുകളോടെ അവൾ ചോദിച്ചു :
". how do you know all these…”
“..simple general knowledge…” സൈമണ്‍ കൂളായി ഉത്തരം പറഞ്ഞു .

സംഭവം എന്തായാലും തൈര് വാങ്ങാൻ പോയവൻ മൈമുനയുമായി ചിരിച്ചുകളിച്ചു സംസാരിച്ചുകൊണ്ട് വരുന്നതാണ്  ദീദിയുടെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഞങ്ങൾ കണ്ടത്ത്... അതെ !!! അതൊരു മൾട്ടി എത്നിക്ക് , മൾട്ടി റിലീജിയസ് പ്രണയ കഥയുടെ തുടക്കം ആയിരുന്നു .
സൈമണ്‍ ദീദിയുടെ കടയുടെ മുന്നിൽവച്ച് അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ആർക്കും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം ആയിരുന്നു ആ ജാട്ട് പെണ്‍കുട്ടി. അന്ന് സൈമണിൽനിന്ന്  അവൾ മനസ്സിലാക്കി, കാലാതീതമായ ഒരു മലയാള നോവലിലെ നായികയുടെ ഫീച്ചേർസ് ആണ് തനിക്ക് എന്ന്..

വളരെ സ്വാഭാവികമായി മുന്നോട്ടു പോകേണ്ടിയിരുന്ന ആ നിഷ്കളങ്ക പ്രണയം, എ.കെ . ആന്റണി സാറ് പറഞ്ഞപോലെ ‘വളരെ പൈശാചികവും മൃഗീയവുമായ' ഒരു അന്ത്യത്തിൽ എത്തിയത് ആയുർവേദം മൂലമാണ്‌. വ്യക്തമായി പറഞ്ഞാൽ ഒരു ആയുർവേദിക്ക് പ്രണയ സമ്മാനം മൂലം !!!!

പിറന്നാളിന് നാട്ടിൽ പോയ മൈമുന, തിരിച്ചു വന്നത് നോർത്ത് ഇന്ത്യൻ സ്വീറ്റ്സിന്റെ ഒരു വലിയ കളക്ഷനുമായിട്ടാണ്‌, സൈമണും പിന്നെ ഞങ്ങൾ കൂട്ടുകാർക്കും... എന്ത്  ആഖോഷത്തിനും പാലും നെയ്യും വെണ്ണയും ഇട്ടു പെരുമാറുക എന്നത് പഞ്ചാബ്, ഹരിയാന മുതലായ സംസ്ഥാനക്കാരുടെ ഒരു പതിവാണ്. മൈമുന കൊണ്ടുവന്ന സ്വീറ്റ്സ് നല്ല ടേസ്റ്റിയും ആയിരുന്നു .

"നമ്മൾ ഇതിനു പകരം അവൾക്ക് എന്തുകൊടുക്കും ??". സൈമണ്‍ കണ്‍ഫ്യൂഷനിലായി .
"നമ്മൾ അല്ല, നീ കൊടുക്കണം.." എന്ന് പറഞ്ഞു ഞങ്ങൾ കൈ കഴുകി.

ആദ്യമായി മൈമുനയ്ക്ക് കൊടുക്കുന്ന സമ്മാനം തികച്ചും എക്സ്ക്ലൂസീവായിരിക്കണം എന്ന വാശിപ്പുറത്ത് സൈമണ്‍ സാമാന്യം നന്നായിത്തന്നെ ചിന്തിച്ചു. ഒടുവിൽ ഒരു കിടിലൻ ഐഡിയ കിട്ടി : 

ഖസാക്കിന്റെ യാഗാശ്വമായ മൈമുനയ്ക്കും, ബി-3 യുടെ യാഗാശ്വമായ ഈ മൈമുനയ്ക്കും ഉള്ള  ഏറ്റവും വലിയ കോമണ്‍ ഫീച്ചർ, നെറ്റിയിലേയ്ക്കു പാറിപ്പറന്ന് കിടക്കുന്ന മുടിയാണ്. അപ്പൊ ആ മുടി കൂടുതൽ സുന്ദരമാക്കാൻ വല്ല്യമ്മച്ചിയുടെ ആ സ്പെഷ്യൽ ആയുർവേദിക്ക് എണ്ണ ഒന്ന് വരുത്തിക്കൊടുത്താലോ ?? ബോംബെയിലും ദുബായിലും ഒക്കെയുള്ള കസിൻ ചേച്ചിമാരുടെ ഇടയിൽ വളരെ ഫെയിമസ് ആണ് കട്ടപ്പനയിലെ തറവാട്ടിൽ, വിറക് അടുപ്പിൽ വല്യമ്മച്ചി സീക്രട്ട് ഇൻഗ്രേഡിയന്റ്സ് ചേർത്ത് ഉണ്ടാക്കുന്ന ഈ എണ്ണ. മുടി സിൽക്ക് പോലെ നിന്ന് തിളങ്ങും!!!
 
പിന്നെ ഒന്നും ആലോചിച്ചില്ല. ഫോണ്‍ എടുത്തു, വല്യമ്മച്ചിയെ വിളിച്ചു.  ഷിവാലിക്ക് ഹിമാലയനിരകളുടെ ചുവട്ടിൽ ജനിച്ചുവളർന്ന പെണ്‍കുട്ടിക്കായി സഹ്യന്റെ താഴ്‌വാരത്തിൽ റബ്ബർ മരങ്ങൾ നിറഞ്ഞ പുരയിടത്തിനു നടുക്കുള്ള തറവാട്ടിലെ അടുക്കളയിൽ അരിഷ്ടത്തിന്റെ മണമുള്ള എണ്ണ തിളച്ചു മറിഞ്ഞു. അഞ്ചാം ദിവസം എണ്ണ പാർസലായി ഡൽഹിയിൽ എത്തി. പിറ്റേന്ന് മൈമുനയുടെ കയ്യിലും .

 “ This is an ayurvedic prepretion by my grandmother…very good for your hair..”.മൈമുനയ്ക്ക് അത് സമ്മാനിക്കുമ്പോൾ അവൻ അഭിമാനത്തോടെ പറഞ്ഞു.
 
അന്ന് വൈകുന്നേരം ചായ കുടിച്ചു നിൽക്കുമ്പോൾ അനൂപ്‌ ന്യായമായ ഒരു സംശയം ഉന്നയിച്ചു:
 " ഡാ കാര്യം ആയുർവേദം ഒക്കെയാണെങ്കിലും വീട്ടിൽ ഉണ്ടാക്കിയ സാധനമല്ലേ , ഒന്ന് സ്വയം പരീക്ഷിച്ചിട്ട് കൊടുത്താൽ മതിയായിരുന്നു ..."

അതിനു മറുപടിയായി സൈമണ്‍ വിവരിച്ചു, വല്യമ്മച്ചിയുടെ അനേകം ചീക്ത്സാ വീര ഗാഥകൾ :
….ഒരിക്കൽ കേടായ കടലപ്പിണ്ണാക്ക് തിന്ന് വയറിളകി ചാകാറായ കാളയെ വല്യമ്മച്ചി ഏതോ നാട്ടുമരുന്ന് കൊടുത്ത് രക്ഷിച്ചു… പിന്നൊരിക്കൽ, രാത്രി കപ്പയുടെ ചുവട് കുത്തിയിളക്കാൻ വരുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ സിമിത്തേരിയുടെ അടുത്തുള്ള  ഏറുമാടത്തിൽ ഒറ്റയ്ക്ക് കാവലിരിക്കുകയായിരുന്നു വല്യപ്പച്ചൻ. സാമാന്യം നല്ല പേടിയുള്ള കക്ഷി, കള്ളുകുടിച്ച് ഫോർ ലെഗ്സ്സിൽ ഇരുന്ന സമയത്ത് കുട്ടുകാരോട് വച്ച ഒരു ബെറ്റിന്റെ നിസ്സാഹായാവസ്ഥയിൽ, സ്വല്പനേരം അവിടെ ഇരുന്നെങ്കിലും രാത്രി രണ്ടു മണിക്ക് വെളുത്ത വസ്ത്രധാരിയായ ഒരു  പ്രേതാത്മാവ് സിമിത്തേരിയിലേയ്ക്ക് നടന്നു നീങ്ങുന്നത് കണ്ടതുപൊലെ  തോന്നിയ വല്യപ്പച്ചൻ ഒറ്റ നിലവിളിയായിരുന്നു... പിന്നെ ബോധരഹിതനും !!!..പിറ്റേന്ന് പൊള്ളുന്ന പനിയുമായി ഇരുന്ന വല്യപ്പച്ചനിൽ വല്യമ്മച്ചി എന്തൊക്കെയോ മരുന്നുകളിട്ട ഒരു ചുക്കുകാപ്പി  അങ്ങ് പരീക്ഷിച്ചു ..ഫൈവ് മിനിട്ട്സ്... ആള് ഓൾ റൈറ്റ് ....

 നോക്കിക്കോ ... ഈ എണ്ണയും ഇതുപോലെ പൊളിക്കും !! ”. സൈമൺ ഒടുക്കത്തെ കോൺഫിഡൻസിൽ ആണ്!!

അനൂപ് പിന്നെ ഒന്നും മിണ്ടിയില്ല !!! 

സൈമണ്‍ സമ്മാനിച്ച എണ്ണ മൈമുന അന്നുതന്നെ ഒന്ന് പരീക്ഷിച്ചു . പിറ്റേന്ന് ക്ലാസ്സിൽ വന്ന മൈമുനയുടെ മുടി കറന്റ് അടിച്ച ചകിരിപോലെ ഇരുന്നു . കൂടാതെ നല്ല ജലദോഷവും. ആള് ഇടയ്ക്കിടയ്ക്ക് വല്ലാതെ തല ചൊറിയുന്നതും ഞങ്ങൾ ശ്രദ്ധിച്ചു .
        'പുതിയ എണ്ണ വച്ചതല്ലേ ...ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ മാറിക്കോളും ' 
എന്ന് പറഞ്ഞു മൈമുനയെ ആശ്വസിപ്പിക്കുന്നതിനൊടൊപ്പം സൈമണ്‍ ഒരു അഡ്വൈസും കൊടുത്തു: “ എണ്ണ വയ്ക്കുന്നത് മുടക്കരുത് ..ഒരു കോർസ് കംപ്ലിറ്റ് ആയാലെ ഫലം കിട്ടു ...”

പാവം മൈമുന മനസില്ലാമനസ്സോടെ അന്നും ആ എണ്ണ തലമുടിയിൽ പ്രയോഗിച്ചു .പിറ്റെന്ന് ക്ലാസ്സിൽ വന്ന മൈമുനയെ കണ്ട് ഞങ്ങൾ ഞെട്ടി...മുഖത്താകെ കുരുക്കൾ. ആ സൗന്ദര്യമെല്ലാം വല്യമ്മച്ചിയുടെ എണ്ണ കഴുകിക്കളഞ്ഞപോലെ തോന്നി !!!

അന്ന് വൈകുന്നേരം ചായ കുടിച്ചുകൊണ്ട് ദീദിയുടെ കടയിൽ നിൽക്കുമ്പോൾ മൈമുന ഞങ്ങളുടെ അടുക്കലേയ്ക്ക് വന്നു . വിഷാദമോ, അവജ്ഞയോ അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞ തവിട്ടു കണ്ണുകളാൽ സൈമണെ തുറിച്ചു നോക്കിയിട്ട് അവൾ ചോദിച്ചു : "..How could you do this to me…”
അവന് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്പുതന്നെ ആ എണ്ണക്കുപ്പി അവന്റെ കയ്യിൽ വച്ചുകൊടുത്തിട്ട്, വേനലിൽ മഞ്ഞുരുകി കുത്തിയൊഴുകുന്ന ഏതോ ഹിമാലയൻ നദിയെപ്പോലെ തിടുക്കത്തിൽ മൈമുന അവിടുന്ന് പോയി ...

പിന്നെ അവൾ സൈമനോട് മിണ്ടാതായി ...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ക്ലാസ്സിൽ വരുന്നതും നിർത്തി. അസുഖം കൂടിയത് കൊണ്ട് അവൾ പാനിപ്പട്ടിലെ വീട്ടിലേയ്ക്ക് പോയിരിക്കയാണെന്ന് കൂട്ടുകാരികൾ പറഞ്ഞു .ആകെ തകർന്ന് റൂമിൽ ഇരിക്കുകയായിരുന്ന സൈമണൊടു അനൂപ്‌ പറഞ്ഞു : "... ഞാൻ അന്നേ പറഞ്ഞതാ... ആ എണ്ണ ഒന്ന് പരീക്ഷിച്ച് നോക്കിയിട്ട് കൊടുത്താമ്മതിയെന്ന്....."

എരിതീയിൽ എണ്ണ ഒഴിക്കുക എന്ന ഒരു ഉത്തമ സുഹൃത്തിന്റെ ധർമ്മം ഞങ്ങൾ ബാക്കിയുള്ളവർക്കും നിറവേറ്റാനുണ്ടായിരുന്നു. അതുകൊണ്ട്,
"….നിനക്ക് എന്തിന്റെ ആവശ്യമായിരുന്നു .....വല്ല കാഡ്ബറീസൊ കോണൈസ്ക്രീമൊ ഒക്കെ കൊടുത്താപ്പോരാരുന്നൊ ???"
"….മുടി സിൽക്ക് പോലെ നിന്ന് തിളങ്ങും പോലും ..നല്ല ഐശ്വര്യമുള്ള ഒരു പെങ്കൊച്ചായിരുന്നു. ഇപ്പൊ കണ്ടാൽ സ്വന്തം അപ്പനും അമ്മയും പോലും തിരിച്ചറിയാത്ത സ്ഥിതിയിൽ  ആക്കിയില്ലെടാ നീയതിനെ ..."
എന്നിങ്ങനെ കുറച്ചു കുത്തുവാക്കുകളും ഞങ്ങൾ സംഭാവന ചെയ്തു !! 

ദേഷ്യം പിടിച്ച സൈമണ്‍ അടുക്കളയിൽ വച്ചിരുന്ന ആ എണ്ണക്കുപ്പി എടുത്ത് ജനലിലൂടെ അടുത്തുള്ള ആൽമരത്തിന്റെ ചോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു ...
"...അല്ലേലും ആ പണ്ടാരമടങ്ങിയ തള്ള , എനിക്ക് എന്തൊക്കെ ചെയ്തു തന്നിട്ടുണ്ടോ , അതൊക്കെ എനിക്ക് പാരയായി തീർന്നിട്ടെ ഉള്ളു ..." എന്ന് സൈമണ്‍ അത്യാവശ്യം ഉച്ചത്തിൽ വല്യമ്മച്ചിയെ അനുസ്മരിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൈമുന തിരിച്ചെത്തി , സൗന്ദര്യമൊക്കെ ഏറെക്കുറെ വീണ്ടെടുത്തുകൊണ്ട്. പക്ഷെ താൻ സ്നേഹിച്ച വ്യക്തി, മനപ്പൂർവ്വം തന്നെ ദ്രോഹിക്കാൻ ശ്രമിച്ചു എന്ന് വിശ്വസിച്ച ആ പെണ്‍കുട്ടി സൈമണെ മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല പല തവണ സോറി പറയാൻ ചെന്ന അവനെ ഒരു വാക്കുപോലും മിണ്ടാൻ സമ്മതിക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. ഗോത്രത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയപ്പോഴും പരാക്രമിയായ മുഗൾ ചക്രവർത്തിയുടെ മുന്നിൽ തലകുനിക്കാത്ത ജാട്ട് പാരമ്പര്യം !!!!
 
പിന്നെയും കുറച്ചു ദിവസങ്ങൾക്കു ശേഷം, ഡൽഹിയിൽ ചൂട് അനുഭവപ്പെട്ടു  തുടങ്ങിയ ഒരു പ്രഭാദത്തിൽ, വളരെ അസാധാരണമായി സൈമൺന്റെ ഫോണ്‍ നിർത്താതെ ബെല്ല് അടിച്ചുകൊണ്ടിരുന്നു...കട്ടപ്പനയിലെ തറവാട്ടിൽ നിന്നും ആന്റിയാണ് വിളിക്കുന്നത്‌. ഫോണ്‍ എടുത്ത ഉടനെ വെപ്രാളത്തോടെ പുള്ളിക്കാരി ചോദിച്ചു :
" ഡാ...നീ ഏതോ കൂട്ടുകാരനു കൊടുക്കാൻ അമ്മച്ചിയെക്കൊണ്ടു എണ്ണ ഉണ്ടാക്കിച്ചാരുന്നൊ ??? "
" ഉം... എന്നാ പറ്റി ?? " സൈമണ്‍ ഉറക്കച്ചടവോടെ ചോദിച്ചു .
"...എന്റെ ദൈവമേ !!!...നീ പെട്ടന്ന് തന്നെ ആ കൊച്ചനെ വിളിച്ച് അത് തലേല് വെക്കരുതെന്നു പറ..."
സൈമണ്‍ന്റെ ഉറക്കം പെട്ടന്ന് പോയി : " എന്താ...എന്താ കാര്യം , മുടിക്ക് നല്ലതാന്ന് ചേച്ചിമാര് പറയുവാരുന്നല്ലോ ??? "

ആന്റി അക്ഷമയോടെ പറഞ്ഞു, ഗുരുതരമായ ഒരു മെഡിക്കൽ നെഗ്ലിജന്സിന്റെ ഞെട്ടിപ്പിക്കുന്ന കഥ: 
ആടിനെയും പോത്തിനെയും വല്യപ്പച്ച്ചനെയും ഒക്കെ ചീക്ത്സിച്ചു ഭേദമാക്കിയ വല്യമ്മച്ചിയുടെ അപ്പോത്തിക്കിരി ഹീറോയിസം ഒക്കെ പണ്ട്, എട്ടു പത്തു കൊല്ലം മുന്പ് !!!!.. ഇന്ന് ഈ എണ്പത്തെട്ടാം വയസ്സിൽ വല്യമ്മച്ചിയുടെ ഓർമ്മയുടെയും കാഴ്ചയുടെയും ഒക്കെ കിളികൾ പറന്നു പോയിരിക്കുന്നു, ഒരുപാടു ദൂരത്തേയ്ക്ക്.

തറവാട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് അമ്മച്ചിക്ക് എണ്ണ ചോദിച്ചുകൊണ്ട് കൊച്ചുമകന്റെ കോൾ കിട്ടുന്നത്. വിത്തിൻ ത്രീ അവേർസ്, അമ്മച്ചി എണ്ണ റെഡിയാക്കി പുറം പണിക്കു നിൽക്കുന്ന പണിക്കാരന്റെ കയ്യിൽ കൊടുത്ത് അന്നുതന്നെ ഡൽഹിക്ക് പാർസൽ അയപ്പിച്ചു…വീട്ടിൽ ആരും ഈ സംഗതി അറിഞ്ഞില്ല. ഈ എണ്ണയിൽ കുറച്ച്  കരിപ്പെട്ടി ചേർക്കണം. കരിപ്പെട്ടിയാണെന്നു വിചാരിച്ച് അമ്മച്ചി പത്തായത്തിൽ പൂട്ടി വച്ചിരുന്ന എലിവിഷമാണ് എണ്ണയിൽ ഇട്ടത് ... അതും പന്നിയെലിയെ കൊല്ലാൻ വേണ്ടിയുള്ള  കട്ടികൂടിയ വിഷം.

കഴിഞ്ഞ ദിവസമാണ്  എലിവിഷം മിസ്സിംഗ്‌ ആണെന്ന് കണ്ടെത്തിയത്. നാട്ടിൽ അത്യാവശ്യം പട്ടിണീം പരിവട്ടോം ഒക്കെയുള്ള സമയത്ത്  അത്ര കട്ടികൂടിയ വിഷം കാണാതാകുന്നത് വളരെ സീരിയസ് ആയ ഇഷ്യു ആയതുകൊണ്ട് വീട്ടുകാർ നടത്തിയ വിപുലമായ ഇൻവെസ്റ്റിഗേഷനിലാണ്‌ വല്യമ്മച്ച്ചിക്ക് പറ്റിയ മിസ്റ്റേക്ക് അറിയുന്നത് ...

സൈമണ്‍ന്റെ കയ്യിൽ നിന്നും ഫോണ്‍ താഴെപ്പോയി ...ആകെ കൺഫ്യൂസ്ഡും ഡെസ്പും ആയിരിക്കുന്ന അവന്റെ അടുത്ത് വന്ന് അനൂപ്‌ ഒരു ആത്മഗദം പോലെ പറഞ്ഞു : 
" എന്നാലും മുടി മിനുക്കാനുള്ള എണ്ണയാണെന്നു പറഞ്ഞ് എലിവിഷം ആണല്ലോ ഈശ്വരാ ആ പെണ്ണിനു കൊണ്ടുകൊടുത്തത്....എന്തായാലും ഭാഗ്യം, രക്തശുദ്ധിക്കാണെന്നുപറഞ്ഞ് കഴിക്കാനുള്ള വല്ല അരിഷ്ടവൊ , രസായനമോ ഒക്കെ കൊടുക്കാൻ ഇവന് തോന്നാതിരുന്നത് !!"

ഒരു മാസം കൂടി കഴിഞ്ഞു . ക്ലാസ്സുകൾ അവസാനിച്ചു. പരീക്ഷ എഴുതാനായി എല്ലാരും സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്ന സമയം. ഡൽഹിയിലെ നിസ്സാമുദ്ദീൻ റയിൽവെ സ്റ്റേഷനിൽ ഞങ്ങൾ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സിനായി കാത്തുനിൽക്കുമ്പോൾ അവിടെ മൈമുനയും ഉണ്ടായിരുന്നു, പാനിപ്പട്ടിലെയ്ക്കുള്ള ചണ്ഡീഗട്ട് എക്സ്പ്രസ്സിനായി കാത്തുകൊണ്ട്...

ചണ്ഡീഗട്ട് എക്സ്പ്രസ് വന്നു. ട്രെയിനിലേയ്ക്ക് ബാഗുകൾ എടുത്തുവച്ചിട്ട് മൈമുന തന്നെ നോക്കി വിഷാദ ഭാവത്തിൽ നിൽക്കുന്ന സൈമണ്‍ന്റെ അടുത്തേയ്ക്ക് വന്നു. ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തതുകൊണ്ട്, പോകും മുൻപ് ചെയ്തുതന്നതിനൊക്കെ റിപ്ലെ ആയിട്ട് അവനോട് ഇത്തിരി നല്ല ' നാടൻ ഹിന്ദി ' പറയാനുള്ള വരവാണെന്ന് മനസ്സിലാക്കിയ ഞങ്ങൾ അല്പം മാറി നിന്നു !!
അവൾ ജന്മനാ കിട്ടിയ ആ  മനോഹരമായ  മന്ദഹാസത്തൊടെ  ഇംഗ്ലീഷിൽ സൈമണോട് പറഞ്ഞു :
 " പരീക്ഷ കഴിഞ്ഞ് ഞാൻ കൊച്ചിക്ക് വരും ...എനിക്ക് കടല് കാണിച്ചു തരണം !!! പിന്നെ ഏതെങ്കിലും ഒരു നല്ല ആയുർവേദ ഷോപ്പിൽനിന്നും , മുടി മിനുക്കാനുള്ള എണ്ണയും വാങ്ങിത്തരണം !!!! "
ചണ്ഡീഗട്ട് എക്സ്പ്രസ് നീങ്ങിത്തുടങ്ങി....ട്രെയിനിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഒരു ദീപാവലി ദീപത്തിന്റെ ഐശ്വര്യമാർന്ന മുഖത്തോടെ മൈമുന സൈമണെ നോക്കി മന്ദഹസിച്ചു !!!

8 comments:

 1. Melvinbhai...thakarthirikkunnu..

  ReplyDelete
 2. Grt story... Perfect story line....gud imagination

  ReplyDelete
 3. Powlich bro... ( njanum freekan aayee :))

  ReplyDelete
 4. Your talent in writing stories is really appreciable.

  ReplyDelete
 5. Gud work brother.I m a student of labour India.Your story was suggested by Babykutty sir.I m a person with fair interest in literature.Hope for more works.

  ReplyDelete