Wednesday, 24 June 2015

പാൽപ്പൊടിമോഷണം

എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോൾ ഞങ്ങൾ ഒരു പന്ത്രണ്ടു പേര് ഒരുമിച്ചു താമസിച്ചിരുന്ന കൊട്ടാരം വീട് എന്ന ഭവനം വലുപ്പത്തിന്റെ കാര്യത്തിൽ ശരിക്കും ഒരു കൊട്ടാരം തന്നയായിരുന്നു ...ജീവിതത്തിന്റെ പച്ചപ്പ്മുഴുവൻ മണലാരണ്യത്തിൽ എരിച്ചു കളഞ്ഞ ഏതോ ഒരു ചങ്ങനാശ്ശേരിക്കാരൻ പ്രവാസി , തന്റെ ശിഷ്ട കാലം ചിലവഴിക്കാനായി പണികഴിപ്പിച്ച വലിയ വീട്ടിൽ ഒരു മൂന്ന് കൊല്ലം ,ഒരു റസിഡൻഷ്യൽ ഏരിയായുടെ മുഴുവൻ മനസമാധാനവും സുഖനിദ്രയും മുടക്കി ഞങ്ങൾ താമസിച്ചു .

ഞങ്ങളയൊക്കെ , അയൽക്കാർ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ  ടെസ്ടിമോണിയൽ ആണ് , കോഴ്സ് കഴിഞ്ഞ് കൊട്ടാരം വീട്ടിൽനിന്നും ബാഗും എടുത്ത് എന്നെന്നേയ്ക്കുമായി ഞങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ അയൽക്കാരുടെ മുഖത്ത് തെളിഞ്ഞ ആശ്വാസം !!!!  പ്രത്യേകിച്ച്, ഞങ്ങളുടെ ആസ്ഥാന ഗായകനായ  ലിബു പോകുന്നത് കണ്ടപ്പോൾ തൊട്ടയലത്തെ ചേട്ടൻ കെട്ടിയോളോട് പറയുന്നത് ഞങ്ങൾ കേട്ടു " ഹോ.. എടീ ....ഇന്ന് എനിക്കൊന്നുറങ്ങണം.."

അവരെ കുറ്റം പറയാൻ പറ്റില്ല ... ലിബുവിന്റെ ഉള്ളിലെ ഗായകൻ ഉണരുന്നത് മിക്കവാറും നട്ടപ്പാതിരാക്കായിരുന്നു. രാത്രി രണ്ടു മണിക്ക് രണ്ടാം നിലയിലെ ഹാളിൽ ഫുട്ബോൾ കളിക്കുന്ന കാലമാടന്മാരെ അവർ ഇത്രയും നാൾ സഹിച്ചത് , ഇവന്മാരുടെ ബഹളം ഉള്ളതുകൊണ്ട് കള്ളന്മാരാരും രാത്രി വഴിക്ക് വരില്ല എന്നതുകൊണ്ടു മാത്രമാണ് ...

ഞങ്ങൾ പന്ത്രണ്ടു പേരും , വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും, ഇനി പറയാൻ പോകുന്ന കഥയുടെ കോണ്ടെക്സ്റ്റിൽ എടുത്തു പറയേണ്ടത് ജെറിയെ പറ്റിയാണ് . ജെറി ഒരു ഗൾഫ് പൈതലാണ്. പന്ത്രണ്ടാം ക്ലാസ്സുവരെ ദുബായിൽ പഠിച്ച ജെറി, ബി.ടെക്ക് പഠിക്കാനായാണ് നാട്ടിൽ എത്തുന്നത്
 
ആൾടെ  നമ്പർ ലോക്ക് ഇട്ടു പൂട്ടിയ വലിയ ട്രോളി പെട്ടിയിൽ, അന്ന് നാട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മാത്രം കിട്ടുന്ന റെയർ ഗൾഫ് ഐറ്റംസ് കുറെയുണ്ടായിരുന്നു : പ്രിംഗിൾസിന്റെ ചിപ്പ്സ്, സ്നീക്കേർസ്, മാൾബ്രൊ സിഗരറ്റ്...പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ ആകർഷിച്ചത് പാൽപ്പൊടി ആയിരുന്നു : നിഡൊയുടെ നല്ല ഒന്നാം ക്ലാസ് പാൽപ്പൊടി...ഇന്ത്യയിൽ അന്ന് കിട്ടാത്ത സാധനം !! 

ജെറി പാൽപ്പൊടി കൊണ്ടുണ്ടാക്കിയ ചായ മാത്രമേ കഴിക്കു . നിഡൊ ഇട്ട ചായയുടെ ആദ്യ സിപ്പ് എടുക്കുമ്പോൾ അവന്റെ മുഖത്ത് വൈശാലി സിനിമയിൽ , ഋഷ്യശൃംഗന്റെ അരയിലെ മരവുരി മാറ്റി, വൈശാലി കാവി ഉടുപ്പിക്കുമ്പോൾ, മൂപ്പർടെ മുഖത്തുള്ള  അതേ സുഖ ഭാവമാണ്.

ആദ്യം ഈ പാൽപ്പൊടി അടുക്കളയിൽ ആണ് ഇരുന്നത്. രാത്രി കൃത്യം പത്തുമണിക്ക് ജെറി ഉറങ്ങാൻ  കിടക്കും. .പതിനൊന്നരയ്ക്കുള്ള ഞങ്ങളുടെ ചായ പ്രിപ്പറേഷന് , ഈ നിഡൊ ചെറിയ അളവിൽ രഹസ്യമായി ഉപയോഗിക്കപ്പെടുന്നുണ്ടായിരുന്നു . താനറിയാതെ പാൽപ്പൊടി മോഷണം പൊകുന്നുണ്ടെന്നു മനസ്സിലാക്കിയ ജെറി അത് ട്രോളി പെട്ടിയിൽ വച്ച് പൂട്ടി. അതോടെ ഞങ്ങൾക്ക് പാൽപ്പൊടിയിലേയ്ക്കുള്ള ആക്സസ് നിലച്ചു .

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ജെറിയ്ക്ക് അതി ഭയങ്കരമായ ഒരു വൈറൽ ഫിവർ പിടിച്ചു. പഴയ ഡീസൽ അംബാസിഡർ കാർ സ്റ്റാർട്ട് ആക്കിയതുപോലെ നിന്ന് വിറയ്ക്കുന്ന ജെറിയെ പ്രജിത്തും ഡെനീഷും കൂടി ചെത്തിപ്പുഴ ആശുപത്രിയിൽ കൊണ്ടുപോയി . ഇത്രയും വലിയ പനി രണ്ടുദിവസം വച്ചുകൊണ്ടിരുന്നതിനു കുറച്ചു വഴക്കും പറഞ്ഞിട്ട് മേരി ഡോക്ടറ് മരുന്നിനു എഴുതിത്തന്നു . എന്നിട്ട് ജെറിയോട് വീട്ടിൽ പോയി റെസ്റ്റ് എടുക്കാൻ പറഞ്ഞു .

ജെറിയുടെ നാട്ടിലെ ഗാർഡിയൻ കോട്ടയത്തുള്ള  അങ്കിൾ ആയിരുന്നു . വിളിച്ച് പറഞ്ഞ ഉടൻ മൂപ്പര് കാറുമായി പുറപ്പെട്ടു . അങ്കിൾ വരുന്നതും കാത്ത് കൊട്ടാരം വീടിന്റെ സിറ്റൌട്ടിൽ ഇരുന്നപ്പോ ജെറിയ്ക്ക് ചെറിയൊരു ആഗ്രഹം തോന്നി ...നിഡൊ ഇട്ട് ഒരു ചായ കുടിക്കണം . ട്രോളി പെട്ടി തുറന്നു , നിഡൊ ടിൻ എടുത്തു . വെള്ളം തിളയ്ക്കാൻ വച്ചു , മൂന്നു മിനുട്ട് . ചായ റെഡി !!

ചായ കുടിച്ചുകൊണ്ടിരുന്നതിനു ഇടയ്ക്കു  അങ്കിൾ വരുകയും ജെറി ഒരു ബാഗും എടുത്ത് കാറിൽ കയറി അപ്പൊത്തന്നെ സ്ഥലം വിടുകയും ചെയ്തു !!!! പനിയുടെ ക്ഷീണം കൊണ്ട് ആബ്സന്റ് മൈന്റഡ് ആയിരുന്ന അവൻ ചായ ഉണ്ടാക്കാൻ എടുത്ത നിഡൊ , തിരിച്ച് പെട്ടിയിൽ വച്ച് ലോക്ക് ചെയ്യാൻ മറന്നുപോയിരുന്നു .... . .

നിഡോ, കിച്ചണിലെ മേശപ്പുറത്തിരുന്നു ഞങ്ങളെ നോക്കി നാണത്തോടെ , ചെമ്മീനിലെ കറുത്തമ്മയെപ്പോലെ ചിരിച്ചു "...എന്റെ കൊച്ചു മുതലാളിമാരെ…!!. " എന്നൊരു വികാരാധീനമായ അശരീരി എവിടുന്നോ കേട്ടതായി ഞങ്ങൾക്ക് തോന്നി !! 
  
അന്നുമുതൽ  പതിനൊന്നരയ്ക്കുള്ള  ചായ പ്രിപ്പറേഷൻ വീണ്ടും ഊർജിതമായി. ആവശ്യത്തിൽ അധികം നിഡോ കലക്കി ഉണ്ടാക്കുന്ന ചായയ്ക്ക് പലപ്പോഴും പായസത്തിന്റെ തിക്ക്നെസ്സ് ആയിരുന്നു
ചില കാര്യങ്ങൾ അങ്ങനെയാണ് ... എന്തിന് അന്ന്  അങ്ങനൊക്കെ സംഭവിച്ചു എന്ന് കുറച്ചുകാലം കഴിഞ്ഞ് നമുക്ക് മനസ്സിലാവില്ല...അല്ലെങ്കിൽ , എന്തിനാണ്ഞങ്ങളുടെ ആസ്ഥാന ഗായകനായ ലിബുവും,ഇന്ന് അദ്ദേഹത്തിന്റെ  ഭാര്യയും, അന്നു മൂപ്പർടെ കൂട്ടുകാരിയും ആയിരുന്ന വ്യക്തിയുമായി , കൃത്യം ദിവസങ്ങളിൽ ചില സൗന്ദര്യ പിണക്കങ്ങൾ  ഉണ്ടാകുകയും, രാത്രിയിലെ ചായകുടിക്കിടയ്ക്ക്, ലിബു  “സന്യാസിനി നിൻ പുണ്യാശ്രമത്തിലും , “ പ്രാണസഖി ഞാൻ പാമരനാം പാട്ടുകാരനുംഒക്കെ സ്വന്തം കയ്യിൽ നിന്നും എക്സ്ട്രാ സംഗതികൾ ഇട്ട് പെടയ്ക്കുകയും, ഇത് കേട്ട് ഇമോഷണലി പ്രകോപിതരായ ഞങ്ങൾ, എല്ലാ രാത്രിയും, നിഡൊ കലക്കിയ രണ്ട് ഗ്ലാസ്സ് പാല് അഡീഷനൽ  കഴിക്കാനും  പ്രേരിതരായത് ??? 

മൂന്ന് ദിവസം കഴിഞ്ഞു . നിഡൊയുടെ ടിന്ന് മുക്കാലും തീർന്നു. അപ്പോഴാണ്ഞെട്ടിപ്പിക്കുന്ന വാർത്ത, ലിബുവിന്റെ ഫോണിലേയ്ക്ക് ഒരു മെസെയ്ജിന്റെ രൂപത്തിൽ വന്നത് . ജെറി നാളെ തിരിച്ചു വരുന്നു !!! ഓൾമോസ്റ്റ്കാലിയാകറായ നിഡോ ടിന്നിലേയ്ക്ക് നോക്കി ' ഇനി എന്ത് ചെയ്യും ' എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു .

 സംഗതി സീരിയസ്സാണ്‌...നാളെ കാലി ടിൻ കാണുമ്പോഴത്തെ ജെറിയുടെ റിയാക്ഷനെ ഒന്നിനോടെ ഉപമിക്കാൻ പറ്റു: പച്ചമുന്തിരി ആണെന്ന് വിചാരിച്ച് ഒരു പിടി പച്ച  കാന്താരിമുളക് വാരി വായിലിട്ടു ചവച്ചു ആകെ ടെൻഷനിൽ ആയ ഒരു  ചിമ്പാൻസി , ഒന്ന് റിലാക്സ് ചെയ്യാൻ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ വാലിൽ കരിന്തേൾ കുത്തിയാൽ എങ്ങനെ ഇരിക്കും ????? ....അതെ, ജെറി വീട് ഇളക്കിമറിക്കും.

നാളെ എല്ലാരും കൂടി നിന്ന് ജെറിയുടെ ഇന്ഗ്ലിഷ് കലർന്ന തെറി , കിങ്ങ് സിനിമേല് , മമ്മൂട്ടിയുടെ മുന്നിൽ പെട്ടുപോയ മന്ത്രി ജോണ്വർഗ്ഗീസിന്റെ അവസ്ഥയോടെ കേട്ട് നില്ക്കുക. അതല്ലാതെ വേറെ വഴിയില്ല എന്ന് ആലോചിച്ച് നിരാശയോടെ ഇരിക്കുമ്പോഴാണ് കുരുട്ടുബുദ്ധിക്കു കയ്യും കാലും വച്ചവൻ എന്ന് കോളേജിലാകെ ഫെയിമസ് ആയ ജോർജ് പറയുന്നത് :

" ബുദ്ധിപരമായി നീങ്ങിയാൽ നമ്മൾക്ക് രക്ഷപെടാൻ വഴിയുണ്ട്. " എന്ന്.

ജോര്ജിന്റെ ഐഡിയ  ഇതായിരുന്നു : ജോർജ് എഞ്ചിനീയറിങ്ങിനു ജോയിൻ ചെയ്ത കാലത്ത് വാങ്ങിയ ' നെസ്റ്റലെ' യുടെ ഒരു പഴയ പാൽപ്പൊടി പായ്ക്കറ്റ് , അടുക്കളയിൽ എവിടെയൊ ഉണ്ട് ....ഒരു രണ്ടു വർഷത്തെ പഴക്കമെ ഉള്ളു ... പഴകിയ പാൽപ്പൊടി ഇട്ട് നിഡൊയുടെ ടിൻ നിറയ്ക്കുന്നു ...."

പക്ഷെ ഐഡിയയോട് ആർക്കും യോജിക്കാൻ പറ്റിയില്ല....ജെറിയുടെ വിലകൂടിയ പാൽപ്പൊടി തിന്നു തീർത്തതും പോരാ, ഇനി പഴകിയ പാൽപ്പൊടി തീറ്റിച്ച് അവനു വല്ല അസുഖവും വരുത്തണം അല്ലെ ???

ജോർജിന്റെ കയ്യിൽ അതിനുള്ള സൊല്യുഷനും ഉണ്ട് :
"..കൊട്ടാരം വീട്ടിൽ വളരെ സുലഭമായി കാണപ്പെടുന്ന ഒരു ജീവിയാണ് പല്ലി !!!! നമ്മൾ സാമാന്യം വലുപ്പമുള്ള ഒരു പല്ലിയെ തല്ലിക്കൊന്നു പാൽപ്പൊടിയിൽ ഇടുന്നു ...എന്നിട്ട് അടപ്പ് അല്പം തുറന്നു വയ്ക്കുന്നു ....ജെറി വന്നു നോക്കുമ്പോഴെന്താ... പനിപിടിച്ച് വീട്ടിൽ പോകാൻ നിന്നപ്പോ ചായ ഉണ്ടാക്കിയിട്ട് അവൻ നിഡൊ ടിൻ അടയ്ക്കാൻ മറന്നു ...ഒരു പല്ലി അതിൽ വീണു ചത്തു....അവൻ തന്നെ നിഡൊ ടിൻ എടുത്തു കളഞ്ഞോളും !!!! ' നമ്മൾ സെയിഫ് ...അവനും സെയിഫ് ...."

ഇത് കൊള്ളാം എന്ന് ഞങ്ങൾക്ക്  തോന്നിയെങ്കിലും പ്രജിത്ത് , കാര്യത്തിൽ ഒരു നേരിയ  സംശയം പ്രകടിപ്പിച്ചു : "...ഇതൊക്കെ ശരിയാകുവോ ??? "
പക്ഷെ ജോർജ് തികഞ്ഞ കോണ്ഫിഡൻസിൽ ആയിരുന്നു :  " ഡാ പ്രജിത്തെ , നിനക്ക് ഞങ്ങള് തൃപ്പൂണിത്തറക്കാരെ ശരിക്കും അറിയില്ല !!! ഞങ്ങള് തലമുറകളായിട്ട് കൊച്ചീരാജാവിന്റെ പടത്തലവന്മാരാ....പോർച്ചുഗീസുകാരെപ്പോലും തുരത്തി ഓടിച്ച പാരമ്പര്യമാ !!!.. പിന്നെയാ ഇത്തിരി ഇല്ലാത്ത ഗൾഫ്കാരൻ ചെക്കൻ !!!.. "

അങ്ങനെ പ്ലാൻ എക്സിക്ക്യൂട്ട് ചെയ്തു . നിഡൊ ടിന്നിൽ പഴകിയ പൊടി നിറച്ചു ... ഹാളിലെ ട്യുബ് ലൈറ്റിന്റെ അടുത്ത് ഏതൊ പ്രാണിയെ പിടിക്കാൻ നിന്ന ഒരു ഹത ഭാഗ്യനായ പല്ലിയുടെ ഭൗതിക ശരീരം അതിനു മേൽ കിടത്തി.
പിറ്റേന്ന് കോളേജ് കഴിഞ്ഞ് വൈകുന്നേരം ജെറി കൊട്ടാരം വീട്ടിൽ എത്തി . ഇതാണ് ക്രൂഷ്യൽ മോമെന്റ്റ്‌ .... സമയത്ത് അവനൊരു ചായകുടിയും പത്രം വായനയും  ഉണ്ട് ...താഴത്തെ നിലയിലെ കോണിലുള്ള മുറിയുടെ വാതിലിന്റെ ഒരു പലകയ്ക്ക് ചെറിയ വളവുണ്ട്....വാതിൽ ചാരിയിട്ട് വിള്ളലിലൂടെ  നോക്കിയാൽ അടുക്കളയിൽ നടക്കുന്നതൊക്കെ കാണാം .

ജെറി അടുക്കളയിൽ കയറുന്നതിനു മുന്പുതന്നെ , പാൽപ്പൊടി മോഷണത്തിലെ പ്രധാന പ്രതികളായ ഞാനും , ഡെനീഷും, ലിബുവും, പ്രജിത്തും, ജോർജും കൂടി  പറഞ്ഞ വാതിലിന്റെ പിന്നിൽ വിള്ളലിലൂടെ അടുക്കളയിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് ഒളിച്ചിരുന്നു .

സമയം അഞ്ചു മണി ...ജെറി അടുക്കളയിൽ എത്തി . ചായക്കു വെള്ളം വച്ചു, തേയിലയും , പഞ്ചസാരയും ഇട്ടു ...പിന്നെ നിഡൊ ടിൻ തുറന്നു ...അകത്തു ചത്ത പല്ലിയെക്കണ്ട് ജെറി ഞെട്ടലോടെ രണ്ടടി പിന്നോട്ട് മാറി ...എന്നിട്ട്  " ശ്ശെ !!! " എന്ന് നിരാശപ്പെട്ടുകൊണ്ട് അരയ്ക്കു കൈയ്യും കൊടുത്തു നിന്നു..

ഞങ്ങൾ പരസ്പരം തംപ്സ്  ഉയർത്തി “..സക്സസ്..” എന്ന് സിമ്പൽ കാണിച്ചു . ഡെനീഷ് ജോർജിന്റെ തോളത്തു തട്ടിക്കൊണ്ട്  "എന്നാലും നിന്റെ ബുദ്ധി " എന്ന്  അഭിനന്ദിച്ചു . ജോർജ്, " ഇതൊക്കെ എന്ത് ...എന്റെ റേഞ്ച് വച്ച് നോക്കുമ്പം  ഇതൊക്കെ നിസ്സാരം !!! " എന്ന് വിനയാന്വിതനായപ്പോൾ  ലിബു  അടുക്കളയിലേയ്ക്ക്  സംതിങ്ങ് റോങ്ങ് എന്ന മട്ടിൽ കൈ ചൂണ്ടി ......
അവിടെ ജെറി പല്ലിയെത്തന്നെ നോക്കി എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുകയാണ്...പിന്നെ കുറച്ചു മുൻപ് പിന്നോട്ട് വച്ച രണ്ടടി അവൻ  മുന്നോട്ടു വച്ചു . ആരെങ്കിലും കാണുന്നുണ്ടോ എന്ന് രണ്ടു വശത്തേയ്ക്കും നോക്കി . എന്നിട്ട് പല്ലിയെ വാലിൽ തൂക്കി മുന്നിലെ ജനലിൽക്കൂടി പുറത്തേയ്ക്ക് ഒറ്റ ഏറ്‌.... പിന്നെ  മൂന്ന് സ്പൂണ്പാല്പ്പൊടി കോരി ചായപ്പാത്രത്തിലേയ്ക്ക് ഇട്ടു !!!!

ചൂടു ചായയുമായി അവൻ ഞങ്ങൾ ഒളിച്ചിരുന്ന മുറിയിലേയ്ക്ക് വരുന്നത് കണ്ട് , കയ്യിൽ ഓരോ പുസ്തകം ഒക്കെ എടുത്ത് കസേരയിലും മേശയിലും കട്ടിലിലും ഒക്കെയായി വളരെ നോർമൽ ആയി അഭിനയിച്ചുകൊണ്ട് ഞങ്ങൾ പൊസിഷൻ ചെയ്തു . ജെറി വന്ന് ജോർജിന്റെ മേശപ്പുറത്ത് കിടന്ന മനോരമ പത്രം എടുത്ത് മറിച്ച് നോക്കിക്കൊണ്ട് ചായയുടെ ആദ്യ സിപ്പ് എടുത്തു !!! അതിദയനീയമായി ഞങ്ങൾ പരസ്പരം നോക്കി ... ജെറി പത്രവും ചായയുമായി  മുകളിലെ സിറ്റൗട്ടിലേയ്ക്കു പോകാൻ  തുടങ്ങവെ , ഞങ്ങളോട് ചോദിച്ചു :

" എന്താ ഗൈസ് ....വളരെ മൂഡിയായി ഇരിക്കുന്നത് ???? ഇന്ന് വോളിബോൾ കളിയ്ക്കാൻ പോകുന്നില്ലേ ??? കമോണ്‍ ...ചീയറപ്പ്..”

ജെറി പോയിക്കഴിഞ്ഞപ്പോൾ പ്രജിത്ത് ജോർജിനോടു ചോദിച്ചു : ".. നീ കൊച്ചീരാജാവിന്റെ ആരാന്നാ പറഞ്ഞെ ..???  പോച്ചുഗീസുകാരെയും ഇതുപോലെ ഭക്ഷണത്തിൽ പല്ലിയെ ഇട്ടായിരിക്കും നിങ്ങള്  തുരത്തി ഓടിച്ചതല്ലെ ???.. "

ജോർജ് ചമ്മലോടെ തല താഴ്ത്തിക്കൊണ്ടു പറഞ്ഞു :
" നമ്മൾ എതിരാളിയെ വളരെ അധികം അണ്ടർ എസ്റ്റിമേറ്റ് ചെയ്തു ..!! അവൻ ഇത്ര പ്രാകൃതൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ....അതാണ്‌ സംഭവിച്ചത് !!.."

രാത്രി പത്തുമണിയ്ക്ക്, വയറിളക്കവും ശർദിയും മൂലം അവശനായ ജെറിയെയും കൊണ്ട് ഞങ്ങൾ ചെത്തിപ്പുഴ ആശുപത്രിയിലേയ്ക്ക് പോയി . മേരി ഡോക്ട്ടർ ചോദിച്ചു
" താൻ ഒരു പനി കഴിഞ്ഞങ്ങ് പോയതല്ലേ ഉള്ളു !!! ഇത്ര പെട്ടന്ന് അടുത്തത് ഒപ്പിച്ചോ ???"
ക്ഷീണിച്ച സ്വരത്തിൽ ജെറി പറഞ്ഞു :
 "  ബ്രാന്റ്  നെയ്മിനെയൊന്നും പഴയപോലെ വിശ്വസിക്കാൻ കൊള്ളില്ല ഡോക്ടർ ....അങ്ങനെ പറ്റിയതാ !!! "
No comments:

Post a Comment