Tuesday, 4 November 2014

ഒരു ചെറിയ ചതി !!!

Written by : Melvin Jose
Cartoons by : Mujeeb Patla  

ഫിലിപ്പിന്  ഞങ്ങളുടെ ഇടയിൽ ചന്തു എന്നൊരു ഇരട്ടപ്പേര്‌ ഉണ്ടായിരുന്നു. ആള് അങ്ങനെ ചതിയനൊന്നുമല്ല . എം . ടി യുടെ വടക്കൻ വീരഗാഥാ ചന്തുവിനും ഫിലിപ്പിനും ഒരു കോമണ്‍ ഫെയിറ്റ് ഉണ്ടായതാണ് ഈ പേര് വീഴാൻ കാരണം... മോഹിച്ച എല്ലാ പെണ്കുട്ടികളയും നഷ്ടപ്പെട്ടവരാണ്  രണ്ടു പേരും...

പ്ളസ് ടുവിനു പഠിക്കുന്ന കാലത്ത് ളാലം ഇടവകയിൽ ഉള്ള കാണാൻ കൊള്ളാവുന്ന മിക്ക  പെങ്കുട്ടികളോടും മുപ്പര്ക്ക് ഒരു ' ഇത് ' തോന്നിയിട്ടുണ്ട്. സ്വാഭാവികമായും സുന്ദരിമാരായ പെണ്‍കുട്ടികളുടെ ആങ്ങളമാരുടെ കൈയ്ക്ക് വർക്ക് ഉണ്ടാക്കുക എന്നത് ഫിലിപ്പിന്റെ  അവതാര ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു... " ഈ ആങ്ങളമാര് എന്നത് കണ്ണീച്ചോരയില്ലാത്ത ഒരു വർഗമാണ് .." എന്ന്  ഫിലിപ്പ് പലപ്പോഴും നീരുവച്ചു വീർത്ത കണ്ണുമായി പറയാറുണ്ടായിരുന്നു ...


എന്തായാലും ഫിലിപ്പിന്റെ പ്രണയത്തിന്‌ ഒരിക്കലും രണ്ടുമാസത്തിൽ കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല.
എന്നാലും എട്ടുകാലിയെ കണ്ട് ഇൻസ്പയെർട്  ആയ ആർതർ രാജവിനെപ്പോലെയും ' അണ്‍ ടു ദി ലാസ്റ്റ് ' വായിച്ച് ഇൻസ്പയെർട് ആയ ഗാന്ധിജിയെപ്പോലെയും ഫിലിപ്പ് തന്റെ പരീക്ഷണങ്ങൾ തുടർന്നു...ഒറ്റ വ്യത്യാസം മാത്രം,  ആദ്യം പറഞ്ഞ രണ്ടാൾക്കാരും നാട്ടുകാര്ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിച്ചു.. ഫിലിപ്പിന്റെ  പരിശ്രമങ്ങൾ അവനുപോലും പ്രയോജനപ്പെട്ടില്ല...

സംഗതി ഇങ്ങനൊക്കെ ആണെങ്കിലും താൻ പ്രണയിച്ച എല്ലാ പെണ്‍കുട്ടികൾക്കും തന്നെ പെരുത്ത്‌ ഇഷ്ടമായിരുന്നു എന്നാണ് ഫിലിപ്പിന്റെ  വാദം . ഇതിനെ സപ്പോർട്ട് ചെയ്യാൻ പുള്ളിക്കാരൻ തന്റെ പ്രണയ കഥകളിലെ ടച്ചിംഗ് ആയ പല സംഭവങ്ങളും ഞങ്ങളുടെ മുന്നിൽ നിരത്തി….. ഹൃദയഹാരിയായ അത്തരം വൈകാരിക നിമിഷങ്ങൾ കേട്ട് , ആ ട്രൂ ലവ് സക്സസ്സ്ഫുൾ ആകാതെ പോയ ദൗർഭാഗ്യത്തെ ഓർത്ത് ഞങ്ങൾക്ക് പലപ്പോഴും അവനോടു സഹതാപം തോന്നിയിട്ടുണ്ട്...

നേർത്ത മഞ്ഞുള്ള ഒരു നവംബർ  മാസം , ശനിയാഴ്ച രാവിലെ , ളാലം പള്ളിയിൽനിന്നും ആദ്യത്തെ കുർബാന കൂടിയിട്ട് ഇറങ്ങിവരുന്ന അനേകം പെണ്‍കുട്ടികളുടെ ഇടയിൽ, നീല ഫ്രോക്ക് അണിഞ്ഞ്, വെള്ള സ്കാർഫ് കൊണ്ട് തലമുടി മറച്ച് വന്ന അനു, ഫിലിപ്പിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിക്കുന്നതു വരെ അവൾ, അവന് ഞങ്ങളുടെ ഒരു പഴയ ക്ലാസ്സ്മേറ്റ് മാത്രം ആയിരുന്നു....

അന്ന് ഫിലിപ്പ് ഏറ്റവും ഒടുവിലത്തെ പ്രണയവും തകർന്ന് ഫ്രീയായി നിൽക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയതിനാലും , അനുവിനെ കാണാൻ ഒരു മാലാഖയെ പോലെ തോന്നിയതിനാലും ഫിലിപ്പിന്റെ  മനസ്സിൽ അവൾ നെക്സ്റ്റ് ടാർഗറ്റ് ആയി ഫിക്സ് ചെയ്യപ്പെടുകയായിരുന്നു... രാവിലെ ഏഴുമണിക്ക് പള്ളിമുറ്റത്ത്‌ വച്ചു  പഴയ സഹപാഠിയെ കണ്ടപ്പോൾ ഒരു മര്യാദയുടെ  പേരിൽ ചിരിച്ചുകാണിച്ച അനു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , വരുന്ന ഒന്നുരണ്ടു മാസത്തേയ്ക്ക് വഴിനടക്കാൻ പോലും സമ്മതിക്കാത്ത തരത്തിലുള്ള  ഒരു ബൃഹത്ത്‌ ശല്യത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആണ് ആ പുഞ്ചിരിയിലൂടെ താൻ നിർവഹിക്കുന്നതെന്ന്....

മുൻപുണ്ടായിരുന്ന മറ്റെല്ലാ കേസിലെയുംപോലെ ഫിലിപ്പിന്റെ  സ്നേഹം ദിനം പ്രതി വർധിച്ചുവന്നു. സ്നേഹം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോൾ ഫിലിപ്പ് ആദ്യം ഞങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞു. എനിക്കും ജോജോയ്ക്കും ഇത് ഫിലിപ്പിന്റെ  ജീവിതത്തിലെ വളരെ സാധാരണമായ ഒരു സംഭവമായെ തോന്നിയുള്ളൂ ....പക്ഷെ ഞങ്ങളുടെ കൂട്ടത്തിൽ ' സേവി '  എന്ന് വിളിക്കപ്പെടുന്ന ' സേവിയർ ' ഫിലിപ്പിന്റെ  പുതിയ സെലക്ഷൻ  കേട്ട് നെഞ്ചത്ത് കൈ വച്ചു ,  കാരണം  ഈ അനു സേവിയുടെ സ്വന്തം കസിൻ ആയിരുന്നു !!!!

ഫിലിപ്പിന്റെ  സ്വഭാവം ശരിക്ക് അറിയാമായിരുന്ന സേവി അപ്പോൾത്തന്നെ മനസിലാക്കി , ഫിലിപ്പിന്‌ ഇനി തന്നെകൊണ്ട് ഒരുപാടു സഹായങ്ങൾ വേണ്ടിവരുമെന്ന് .....
സമയനഷ്ടം , അതിലേറെ മാനഹാനി മുതലായവ മുൻകൂട്ടി കണ്ട് സേവി ഈ കാര്യത്തിൽ ഒരു തീരുമാനം പറഞ്ഞു :
" .. ഫിലിപ്പെ... എന്നെ കണ്ട്, നീ ഈ വണ്ടിക്കു പെട്രോൾ അടിക്കേണ്ട ....കാര്യം ഞാനും അവളും ഓർമ്മ വച്ച കാലം മുതല് ഉടക്കാ....പക്ഷെ എന്നാലും അവള് എന്റെ കസിനാ...ഞാൻ ഒരു ഹെല്പ്പും ചെയ്യുകേല !!! "

പക്ഷെ ഫിലിപ്പ് കണ്ണ് നിറഞ്ഞു കൊണ്ട്   " അപ്പൊ ഇത്രയേ ഉള്ളു അല്ലെടാ  നമ്മടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം..."  എന്ന് പറഞ്ഞ് ഇമോഷണൽ ആയി ബ്ലാക്ക്മെയിൽ ചെയ്തപ്പോ സേവി മനസില്ലാ മനസ്സോടെ സമ്മതിച്ചു  അത്യാവശ്യം സഹായം ഒക്കെ നോക്കീം കണ്ടും ചെയ്യാം എന്ന്.
അനുവിന്റെ പുറകെ നടന്നു തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ  ഫിലിപ്പിന്‌ ഒരു കാര്യം മനസ്സിലായി : ' ഇവളെ വളയ്ക്കുന്നതിനേക്കാൾ എളുപ്പമുള്ള മറ്റു പല കാര്യങ്ങളും ഉണ്ട്.....കുമാരനാശാനെക്കൊണ്ട് റോക്ക് മ്യുസിക്കിന്റെ ലിറിക്ക്സ് എഴുതിക്കുക ...പാലസ്തീൻ ഇസ്രായേൽ പ്രശ്നം സംസാരിച്ചു തീർക്കുക..  ഗാന്ധിജിയെ  ബീവറെജ് കോർപ്പറെഷന്റെ ബ്രാന്റ്  അംബാസിഡർ ആക്കുക.....അങ്ങനെ പലതും ....

 ഫിലിപ്പ് ആർച്ചീസ് ഗ്യാലറിയിൽനിന്നും കാർഡുകൾ വാങ്ങി എഴുതി നിറച്ച് അനുവിന് കൊടുത്തു . അവൾ അത് വാങ്ങി അപ്പോൾ തന്നെ  കീറി ഫിലിപ്പിന്റെ  കയ്യിൽ കൊടുത്തു . വാലന്റൈന്സ് ഡെയ്ക്കു റൊസാപ്പൂക്കൾ കൊണ്ടു ബൊക്കെ ഉണ്ടാക്കി അനുവിന് കൊടുക്കാനായി ആളൊഴിഞ്ഞ ഇടവഴിയിൽ കാത്തു നിന്നു….. അവൾ ആ ബൊക്കെ വാങ്ങി അവന്റെ മുന്നിൽ വച്ച് തന്നെ  അവിടെ പുല്ലു തിന്നുകൊണ്ടിരുന്ന  പോത്തിന്റെ വായിൽ വച്ചു കൊടുത്തു.... ജൂബിലി പെരുന്നാളിന് ഒരു കൊച്ചു റ്റെഡിബീയറിനെ  വാങ്ങി ഫിലിപ്പ് അവൾക്കു സമ്മാനിച്ചു . അവൾ അത് വാങ്ങി കൂളായി മീനച്ചിലാറ്റിലേയ്ക്ക്‌ എറിഞ്ഞു....

ഫിലിപ്പിന്റെ  ഇത്തരം ശ്രമങ്ങളെക്കുറിച്ച് ആദ്യം തമാശയായും പിന്നെ സീരിയസ്സായും , പിന്നെ ദേഷ്യപ്പെട്ടും , ഒടുവിൽ കരഞ്ഞും അനു സേവിയോട് പരാതി പറഞ്ഞു . പാണ്ഡവരുടെയും കൗരവരുടെയും ഇടയ്ക്ക് ഹെല്പ്ലെസ്സ് ആയി നിന്ന ഭീഷ്മ പിതാമഹന്റെ അവസ്ഥയിലായി സേവി...

രണ്ടുമാസം നീണ്ട ഭഗീരത പ്രയത്നങ്ങൾക്ക് ഒടുവിൽ അനു ഒരു നായ്ക്കുട്ടിയൊടു കാണിക്കുന്ന അനുഭാവം പോലും തന്നോടു കാണിക്കാത്തതിൽ മനം നൊന്ത് ഫിലിപ്പ് തന്റെ രീതിയിൽ ചെറിയ മാറ്റം വരുത്താൻ തീരുമാനിച്ചു.... ആയിടയ്ക്കാണ് ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ ' ഓർമ്മക്കായി' എന്ന ആൽബവും, അതിലെ ' ഓർമ്മക്കായി ഇനി  ഒരു സ്നേഹ ഗീതം ' എന്ന പാട്ടും ഒരു വിധം ഹിറ്റ് ആയിവരുന്നത്. ഈ പാട്ട് ഒരു രണ്ടു തവണ കേട്ടാൽ അനുവിന് തന്നോടു സ്നേഹം തോന്നിത്തുടങ്ങും എന്നൊരു ഉട്ടോപ്പ്യൻ ഐഡിയ എങ്ങനെയോ ഫിലിപ്പിന്റെ  മനസ്സിൽ തോന്നി.... അത് അങ്ങനെയാണല്ലോ, പ്രണയം തലയ്ക്കു പിടിച്ചാൽ ബുദ്ധി , ബോധം, കോമണ്‍സെൻസ് എന്നിവ മനുഷ്യ മനസ്സിൽ നിന്നും അപ്രത്യക്ഷമാകും...

ഫിലിപ്പ് പിന്നെ ഒന്നും ആലോചിച്ചില്ല .'ഓർമ്മക്കായുടെ' സീഡി പുതിയതൊരെണ്ണം വാങ്ങിച്ചു . ജോജൊയുടെ  വീട്ടിൽ വച്ച് കവർ  പോലും പൊട്ടിക്കാത്ത സീഡി ഗിഫ്റ്റ് പേപ്പറിൽ പൊതിയുമ്പോൾ സേവി ഫിലിപ്പിനോട് ചേതമില്ലാത്ത ഒരു ഉപകാരം ആവശ്യപ്പെട്ടു :
 
 " ഡാ അവൾക്കു കൊടുക്കുന്നതിന് മുന്പ്, ഒരു അര മണിക്കൂർ എനിക്ക് ആ സീഡി ഒന്ന് തന്നുവിട്...ഞാൻ കോപ്പി ചെയ്തിട്ട്‌ തിരിച്ചു തരാം..."
ഫിലിപ്പ് സമ്മതിച്ചില്ല...പ്രണയ സമ്മാനമാണ് !!! അതിന്റെ കവർ ആദ്യം പൊട്ടിക്കുന്നത് അവൾ ആയിരിക്കണം...അവൾ  മാത്രം ആയിരിക്കണം...

" എങ്കി ഇവനിട്ട്‌ ഒരു പണി കൊടുക്കണം " എന്ന് സേവി തീരുമാനിക്കാൻ ഉണ്ടായ  സാഹചര്യം ഇതാണ് .
ഈ സമ്മാനം എങ്ങനെ , എപ്പോൾ , എവിടെ വച്ചു കൊടുക്കണം എന്നത് ഒരു കണ്‍ഫ്യുഷൻ ആയിരുന്നു. പ്ലസ് ടൂ ക്ളാസ്സുകൾ കഴിഞ്ഞിരിക്കുന്നു. ഇനി പ്രാക്റ്റിക്കൽ പരിക്ഷ മാത്രമേയുള്ളൂ. അനു പഠിക്കുന്നത് പെണ്‍കുട്ടികൾക്ക്‌ മാത്രമായുള്ള സെയിന്റ്  മേരിസ്  സ്കൂളിലും... ഇനി എന്നാണ് അനുവിനെ പുറത്തു വച്ച് കാണാൻ പറ്റുക ??? ആർക്കും അറിയില്ല !!!!!

ഈ  അവസരത്തിൽ  സേവിയുടെ ഉള്ളിലെ ആത്മാർതഥ ഉണർന്നു. ജോജൊയുടെ വീട്ടിലെ ലാൻഡ് ഫോൺ എടുത്ത് സേവി അനുവിന്റെ വീട്ടിലേയ്ക്ക് വിളിച്ചു. ഫോൺ എടുത്തത്‌ അനു തന്നെയായിരുന്നു :
" ഡീ.. സേവിയാ....നിനക്കിനി എന്നാ സ്കൂളി പോകണ്ടെ ??? "
" നാളെ കഴിഞ്ഞ്... ഉം ??? എന്നാ കാര്യം  ?? "
സേവി ഫോൺ വച്ചു. പ്രതീക്ഷാ നിർഭരനായി നില്ക്കുന്ന ഫിലിപ്പിനോട് സേവി പറഞ്ഞു :
" നാളെ കഴിഞ്ഞ് അവള് സ്കൂളിപ്പോകുന്നുണ്ട് ...."
" നീയാടാ ശരിക്കുള്ള ഫ്രണ്ട്…. താങ്ക്യൂ ഡാ... " എന്ന്  പറഞ്ഞ് ഫിലിപ്പ് ആ ഗിഫ്റ്റും എടുത്ത് ജോജൊയുടെ വീട്ടിൽ നിന്നും പോയി...
ഉടൻ തന്നെ സേവി  വീണ്ടും ഫോൺ എടുത്ത് അനുവിനെ വിളിച്ചു :
" ഡീ ...നാളെ കഴിഞ്ഞ് നിനക്കൊരു ഗിഫ്റ്റ് തരാൻ ഫിലിപ്പ് നമ്മടെ ഇടവഴിയിൽ  കാത്തു നില്ക്കും ...സോ എന്ത് സംഭവിച്ചാലും ശരി , നീ മറ്റെന്നാൾ  വീടിന്റെ പുറത്ത് ഇറങ്ങരുത് !!!!

ഇത് കണ്ടുനിന്ന എന്റെയും ജോജൊയുടെയും കണ്ണുതള്ളി ...." ബ്രൂട്ടസ്സ് !!" എന്നും  "മ്ളേഛൻ !! " എന്നും ഒക്കെ ഞങ്ങൾ അവനെ വിളിച്ചു ....പക്ഷെ സേവി ഒരു കുലുക്കവുമില്ലാതെ  പറഞ്ഞു :
" ഒരുവനെ ആപത്തിൽനിന്നും രക്ഷിക്കുന്നവനാണ് അവന്റെ യഥാർത്ഥ സുഹൃത്ത് !!! "
കാര്യം വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ പറയാൻ ഞങ്ങൾ കലിപ്പോടെ ആവശ്യപ്പെട്ടപ്പോൾ , സേവി വളരെ സൈന്റിഫിക്ക് ആയി സംഭവങ്ങളെ വിശദീകരിച്ചു .... അനുവിനെ കുട്ടിക്കാലം മുതൽ അറിയാവുന്ന ഒരു കസിന്റെ അനാലിസിസ്....അതിങ്ങനെയാണ് :

" അനു നാട്ടിലെ പെണ്‍കുട്ടികളുടെ ഇടയിൽ ഒരു ചെറിയ അനുഷ്കാ ഷെട്ടി തന്നെയാണ്....സംശയമില്ല.. സുന്ദരി...പക്ഷെ അവളുടെ സ്വഭാവത്തെക്കുറിച്ച് പറയാനാണെങ്കിൽ, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുമ്പോൾ വെടിവച്ചുകൊന്ന് കറിവച്ചു കൂട്ടുന്ന ടൈപ്പാണ്..."
ഇതുകൂടാതെ ഫിലിപ്പിനെയും , ആൾടെ അപ്പൻ , വല്യപ്പൻ മുതലായ പിതാമഹന്മാരെ കുറിച്ചും ദേഷ്യം മൂത്ത ഏതോ അവസരത്തിൽ അനു പറഞ്ഞ ചില ഡേർട്ടി കമന്റ്സും സേവി ഞങ്ങളുമായി പങ്കുവച്ചു..

അതോടെ ഞങ്ങള്ക്കും തോന്നി , വെറുതെ വേലിയിൽ ഇരിക്കുന്ന പാമ്പിനെയാണ് ഫിലിപ്പ് എടുത്ത് അണ്ടർ ഗാർഡ്മെന്റ്സിന്റെ ഉള്ളിൽ വയ്ക്കാൻ ശ്രമിക്കുന്നതെന്ന് ....
ഇതൊക്കെ സേവി സഹിക്കുമായിരുന്നു...ക്ഷമിക്കുമായിരുന്നു...പക്ഷെ ആ സീഡി ഒന്ന്‌ കോപ്പി ചെയ്യാൻ ചോദിച്ചിട്ട്‌ ഫിലിപ്പ് തന്നില്ല...അതുമാത്രം ക്ഷമിക്കാൻ സേവി തയ്യാറായിരുന്നില്ല. അതുകൊണ്ടാണ്‌ ഫിലിപ്പിനെ ഇത്തിരി വെയിലു കൊള്ളിക്കാൻ സേവി തീരുമാനിച്ചത്…. 

രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്കു രണ്ടുമണി വരെ ഫിലിപ്പ് അനുവിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കാത്തു നിന്നു...കൂട്ടിന് എന്നും ആ വഴിയിൽ പുല്ല് തിന്നു നിൽക്കാറുള്ള ആ പോത്തും !!. രണ്ടുമണിയായപ്പൊ പോത്ത് പോയി ...ഒറ്റയ്ക്ക് നിന്നു ബോറടിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്  കുറച്ചുകഴിഞ്ഞപ്പോൾ ഫിലിപ്പും പോയി. പെരയ്ക്ക് തീപിടിച്ചാലും ശരി , അന്നത്തെ ദിവസം  വീടിനു പുറത്ത് ഇറങ്ങരുതെന്ന ശക്തമായ വാർണിങ്ങ് ആണ് സേവി അനുവിന് കൊടുത്തത്....

 ഫിലിപ്പ് ശരിക്കും എന്താണ് സംഭവം എന്ന് ഞങ്ങൾ മനസിലാക്കിയ ദിവസമായിരുന്നു അന്ന്... വൈകുന്നേരം , ജോജൊയുടെ വീട്ടിൽ ക്യാരംസ് കളിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് വെയിലുകൊണ്ടു കരുവാളിച്ച മുഖവുമായി , ' കാര്യം എല്ലാം ഭംഗിയായി നടന്നു' എന്ന ഭാവത്തിൽ ദയനീയമായി പുഞ്ചിരിച്ചുകൊണ്ടു ഫിലിപ്പ് കയറിവരുന്നത്. സേവി ഫിലിപ്പിനെ ഒന്ന് ആക്കാനായി ചോദിച്ചു :
" എന്തായി ...സാധനം കൊടുത്തോ ???"

ഡോബർമാൻ ചന്തയ്ക്കുപോയപോലെ ആയിരുന്നു തന്റെ ഇന്നത്തെ കാര്യം എന്ന് സമ്മതിക്കാൻ ആ നിഷ്കളങ്കമായ ഹൃദയം സമ്മതിച്ചില്ല !!! ആന്റണി ഹോപ്കിന്സ്  പോലും തൊഴുതു പോകുന്ന ടൈപ്പ് അഭിനയമാണ് ഫിലിപ്പ് പിന്നെ പുറത്തെടുത്തത് ....ഓണ്‍ ദി സ്പോട്ടിൽ , ആള് ഒരു സ്റ്റോറി അങ്ങ് പെടച്ചു :

"...ഞാൻ ഒരു ഒൻപതര ആയപ്പോ ആ ഇടവഴിയിൽ എത്തി...അവിടെ എത്തിയപ്പോത്തന്നെ എനിക്ക് തോന്നി ഇന്ന് അവള് എന്റേതാകുമെന്ന്....കാരണം, ഇന്ന് അവിടാകെ ഒരു... ഒരു ...പ്രത്യേക തരം പച്ചപ്പ്‌ ആയിരുന്നു...ദൈവം അയച്ച ദൂദനെപ്പോലെ ഒരു വെളുത്ത , ഓമനത്തമുള്ള ഒരു  ആട്ടിൻകുട്ടി അവിടെ പുല്ലുതിന്നു നില്പ്പുണ്ടായിരുന്നു...ഒരു അഞ്ചു മിനിട്ട് ....അവൾ വന്നു...ഒരു അരയന്നത്തെപ്പോലെ...പിണക്കത്തോടെ അവൾ ചോദിച്ചു :

"... ഓ..ഇന്നെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ....എന്നും വീട്ടീന്നു ഇറങ്ങുമ്പോ ഞാൻ അല്ഫോൻസാമ്മയൊട് പ്രാർഥിക്കും...ഇന്നെങ്കിലും എന്റെ കുട്ടേട്ടൻ എന്നെ കാത്ത് ഈ വഴിയിൽ ഉണ്ടാവണമേ എന്ന്..."

"..കുട്ടേട്ടനൊ..." ഞാൻ സംശയത്തോടെയും, ജോജോ അലറിക്കൊണ്ടും ചോദിച്ചു .

ഫിലിപ്പിന് നാണം ...: " ആ.... ഞാൻ പറയാൻ മറന്നു അവള് എനിക്കിട്ട പേരാ ...അങ്ങനെ വിളിക്കാനാ അവൾക്കിഷ്ടം എന്ന് ...എന്നാ ചെയ്യാനാ...
...എന്നിട്ട്, ഞാൻ ആ ഗിഫ്റ്റ് അവളുടെ നേരെ നീട്ടി ....നിറകണ്ണുകളോടെ അവളതുവാങ്ങി....അഞ്ചാറു ചുവട് മുന്നോട്ടു നടന്നിട്ട്  അവൾ എന്നെ തിരിഞ്ഞൊന്നു നോക്കി .. പ്രണയാർദ്രമായി ഒന്നു പുഞ്ചിരിച്ചു !!... കണ്ണ് അപ്പോഴും നിറഞ്ഞിരുന്നു..."

“ഇത്രയ്ക്കങ്ങ് കണ്ണീരൊലിപ്പിക്കാൻ അവൾടെ കണ്ണിലെന്നാ വല്ല ചൊറിയൻ പുഴു വല്ലോം വീണോ” എന്ന് ചോദിച്ച ജോജോയെ, ' വേണ്ട ' എന്നു പറഞ്ഞ് തടഞ്ഞിട്ട് സേവി പതുക്കെ എഴുന്നേറ്റു..... വളരെ ശാന്തമായ മുഖത്തോടെ ഫിലിപ്പിന്റെ  തോളത്തു കൈ വച്ചിട്ടു പറഞ്ഞു:

" സമയം കിട്ടുമ്പോ വല്ല കഥയും കവിതയും ഒക്കെ എഴുതണം ...ഇത്രയും ക്രിയെറ്റിവിറ്റി, എംടി യിൽ മാത്രമേ കണ്ടിട്ടുള്ളു..."

" മാപ്പ് നൽകൂ ദയാനിധേ…." എന്നൊരു തുടക്കത്തൊടെ കാര്യങ്ങളെല്ലാം ഞങ്ങൾ ഫിലിപ്പിനോട്‌ തുറന്നു പറഞ്ഞു….റെഡ് ഹാന്റഡായി പിടിക്കപ്പെട്ടതിന്റെ നിസ്സഹായ അവസ്ഥയിൽ ഫിലിപ്പ് സമ്മതിച്ചു , പത്താംക്ലാസ്സിൽ വച്ച് ശ്രീലക്ഷ്മി അവനു കൊടുത്തു എന്ന് പറയപ്പെടുന്ന സ്നേഹാക്ഷരങ്ങൾ നിറഞ്ഞ ക്രിസ്മസ് കാർഡും, വലിയ പെരുന്നാളിന്റെ പിറ്റേന്ന് നസീമ അവനുവേണ്ടി മാത്രം ഉണ്ടാക്കികൊണ്ടുവന്ന്, ആരും കാണാതെ കൊടുത്ത ബിരിയാണിയും, ചേർപ്പുങ്കൽ  പള്ളിയിലെ ഉണ്ണിയേശുവിന്റെ മുന്നിൽ , എല്ലാ  വെള്ളിയാഴ്ച്ചയും മെരിയ അവനുവേണ്ടി മാത്രം കത്തിച്ചിരുന്ന മെഴുകുതിരികളും ....അങ്ങനെ എണ്ണിയാൽ തീരാത്ത പല പെണ് സ്നേഹങ്ങളും , ആൾടെ ഭാവനാ സൃഷ്ടികൾ മാത്രം ആയിരുന്നു എന്ന സത്യം !!!!!

തികഞ്ഞ ആത്മ സംതൃപ്തിയോടെ ജോജോ പറഞ്ഞു : " അല്ലേലും,  ആ  നസീമേടെ ബിരിയാണിയുടെ കാര്യത്തിൽ എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു !!!! ഞാൻ പണ്ട് ഒൻപതീ പടിക്കുമ്പം ഇത്തിരി വെള്ളം അവൾടെ വാട്ടർ ബോട്ടിലീന്നു ചോദിച്ചപ്പോ , തരത്തില്ലാന്ന് പറഞ്ഞ പാർട്ടിയാ, ഇവന് ബിരിയാണി !!..."
 
സേവി അവനിട്ട് പാര പണിഞ്ഞു എന്നതിനേക്കാൾ ഫിലിപ്പിനെ രോഷാകുലനാക്കിയത്, സ്വയം പുകഴ്ത്താൻ ഫ്രെയിം ചെയ്ത അനേകം കഥകൾ പൊളിഞ്ഞതിന്റെ ചമ്മൽ ആയിരുന്നു ....ആ ഒരു വാശിക്ക് ഫിലിപ്പ് ഒന്നും ആലോചിക്കാതെ ഒരു ബെറ്റ് വച്ചു :

 " നീയൊക്കെ എന്നാ പാര വേണേലും പണിതോ ...പക്ഷെ എന്നെങ്കിലും അനു ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് ഈ എന്നെ ആയിരിക്കും.. എന്നെ മാത്രം ആയിരിക്കും ....ആയിരം രൂപ ബെറ്റ് ...."

ഏതൊരു പ്രണയത്തിന്റെയും ഏറ്റവും ദുഖകരമായ നിമിഷമാണ് , പെണ്ണ് വേറെ ഏതെങ്കിലും ഒരു അലവലാതിയെ കല്യാണം കഴിച്ചു നില്ക്കുന്ന ഫോട്ടോ ഫെയിസ് ബുക്കിൽ കാണേണ്ടിവരുന്നത്......ഫിലിപ്പിന്റെ  ജീവിതത്തിൽ ഇത് സംഭവിച്ചത് , വർഷങ്ങൾക്ക്  ശേഷം  ബാംഗ്ലൂരിലെ മടിവാളയിൽ, ഞങ്ങൾ കൂട്ടുകാർ ഒന്നിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിൽ വച്ചാണ് ...

അനു അവൾടെ ദുബായിക്കാരൻ കെട്ടിയോനെ കെട്ടിപ്പിടിച്ച് ബുർജ് ഖലീഫയുടെ മുന്നിൽ  നില്ക്കുന്ന ഫോട്ടോയിലേയ്ക്ക്‌ വേദനാജനകമായി നോക്കിയിട്ട് ഫിലിപ്പ് ഒരു ആയിരം രൂപയുടെ നോട്ട് എടുത്ത് ഞങ്ങൾക്ക്‌ തന്നിട്ടു പറഞ്ഞു :

 "..അവൾടെ ആ പഴയ ഗ്ളാമർ ഒക്കെ അങ്ങ്  പോയി അല്ലെ ???.."
ജോജോ ശാന്തനായി ഫിലിപ്പിന്റെ  തോളത്ത് കൈവച്ചിട്ടു പറഞ്ഞു :
"....തോന്നും ....അതങ്ങനെതന്നെ തോന്നും !!!!!! "

2 comments: