Thursday, 9 January 2014

1921 ലെ നവവധു

Written by: Melvin Jose
Cartoons by : Mujeeb Patla
അന്നക്കുട്ടിക്ക് ജോസപ്പുകുഞ്ഞിന്റെ വിവാഹാലോചന വന്നത് 1920 ലെ  ഡിസംബർ മാസം  ആയിരുന്നു . അന്നവൾക്ക് പതിനാല് വയസ്സുകഴിഞ്ഞിട്ട്‌   ഏതാനും  മാസങ്ങളെ  ആയിരുന്നുള്ളു . രാജ്യമെങ്ങും  അക്കാലത്ത്  ഡർബനിൽനിന്നു വന്ന പുതിയ ദേശീയ  നേതാവിന്റെ നേതൃത്ത്വത്തിൽ  ഒന്നര  നൂറ്റാണ്ട് നീണ്ട വൈദേശിക  അടിച്ചമർത്തലിനെതിരെയുള്ള  ആദ്യ  നിസ്സഹകരണ  സമരത്തിന്റെ  ആവേശത്തിൽ  ആയിരുന്നു .
 
അന്ന് ഒരു  സാധാരണക്കാരന്‌ ലഭിക്കാൻ സാധ്യത ഉള്ളതിലേറെ പഠിപ്പും  അറിവും ഉണ്ടായിരുന്ന അവളുടെ ആങ്ങളമാർക്ക് കുഞ്ഞു പെങ്ങളെ ആ ചെറിയ  പ്രായത്തിൽ കെട്ടിച്ചയക്കുന്നതിനോട് കടുത്ത എതിർപ്പായിരുന്നു .പക്ഷെ  യഥാസ്ഥികനായ  അവരുടെ അപ്പൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു  . മീനച്ചിലാറ് വേമ്പനാട്ടു കായലിലേയ്ക്കു  ചേരാൻ  തുടങ്ങുന്ന  സമതലങ്ങളിലെ  കാടും ചതുപ്പും വെട്ടിത്തെളിച്ച്  ഇഞ്ചിയും കരിമ്പും വിളയിച്ച്‌ വിജയിച്ച ആറടി  പൊക്കത്തിന്റെ ഉള്ളിലെ ധാർഷ്ട്യത്തെ എതിർത്ത് തോൽപ്പിക്കാൻ പുരോഗമന  വാദികളായ ആണ്മക്കൾക്ക് സാധിച്ചില്ല.

അങ്ങനെ 1921 ൽ , ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്മസ് ദിനമായ ജനുവരി  ഏഴിന്റെ മൂന്നാം നാൾ അന്നക്കുട്ടി എന്ന കൗമാരം , ഗ്രിഗോറിയൻ കുരിശു  വിളക്കിച്ചേർത്ത നിലവിളക്കുമായി ഭർത്തൃ ഗൃഹത്തിൽ പ്രവേശിച്ചു. മീനച്ചിലാറിന്റെയും വേമ്പനാട്ടുകായലിന്റെയും തീരത്ത് ജനിച്ചു വളർന്ന ആ  പെണ്‍കുട്ടിക്ക് സമുദ്ര നിരപ്പിൽനിന്നും ആയിരം മീറ്ററോളം ഉയർന്ന ആ പ്രദേശം  തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരുന്നു .

 അന്നക്കുട്ടിയുടെ  ഭർത്താവ് ,പതിനെട്ടുകാരനായ ജോസപ്പുകുഞ്ഞ് , പുത്തൻപുരയ്ക്കൽ മാത്തൻ തരകന്റെ ആറുമക്കളിൽ മൂത്തവനായിരുന്നു. നാല്  ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായി അന്നുവരെ ജീവിച്ച  ആ പെണ്‍കുട്ടി  കെട്ടിക്കയറിയത് മൂന്ന് അനിയന്മാർക്കും രണ്ട് അനിയത്തിമാർക്കും ജേഷ്ഠത്തി  ആയിട്ടായിരുന്നു .

തികച്ചും അപരിചിതമായ ആ അന്തരീക്ഷത്തിൽ അന്നക്കുട്ടിക്ക് ഏക ആശ്വാസം , അമ്മായിയമ്മ എന്ന ദുർഭൂതത്തിന്റെ സാന്നിധ്യം യേശുക്രിസ്തുവിന്റെയും ലൂർദ് മാതാവിന്റെയും അരികിലായി ഭിത്തിയിൽ തൂങ്ങിയ ഒരു ഫോട്ടോയുടെ  രൂപത്തിൽ മാത്രമാണ് എന്നൊരു  അഡ്വാന്റേജ് ആയിരുന്നു !!!
 പുതുപുത്തൻ ചട്ടയും, വാലുമെടഞ്ഞ മുണ്ടും ധരിച്ച് മണിയറയിൽ ഇരുന്ന അന്നക്കുട്ടിയെ ജോസപ്പുകുഞ്ഞിന്റെ ഏറ്റവും ഇളയ പെങ്ങൾ അഞ്ചു  വയസ്സുകാരി റോസിമോൾ വാതിലിൽ പാതി  മറഞ്ഞ് നാണത്തോടെ  നോക്കിച്ചിരിച്ചു . അന്നക്കുട്ടി അവളെ  കൈ  കാട്ടി  വിളിച്ചു . 'ചേച്ചീടെ പേരെന്നാ ??' എന്ന്  ചോദിച്ച  കുഞ്ഞിന്റെ കവിളിൽ  ഒരു ഉമ്മ കൊടുത്തിട്ട്  അന്നക്കുട്ടി പറഞ്ഞു :

"....കുഞ്ഞേച്ചി.... "
അന്ന്  ജീവിതത്തിൽ  ആദ്യമായി അന്നക്കുട്ടിക്ക് അനിയന്മാരെയും അനിയത്തിമാരെയും ലഭിച്ചു .
ജോസപ്പുകുഞ്ഞും,  തൊട്ടുതാഴെയുള്ളവനും തമ്മിൽ ഏഴെട്ടു വയസ്സിന്റെ വ്യത്യാസം ഉണ്ട്. അഞ്ചിനും പത്തിനും ഇടയ്ക്ക് പ്രായക്കാരായ  ആ കിടാങ്ങളുടെ മനസ്സിൽ അവരുടെ അമ്മ ഒഴിച്ചിട്ടുപോയ   വൈകാരിക  സ്ഥാനത്തേയ്ക്ക് , ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ  കൗമാരം വിട്ടുമാറാത്ത പെണ്‍കുട്ടി അസാധാരണമായ കയ്യൊതുക്കത്തോടെ നടന്നുകയറി.  പാഴ്നിലത്തുനിന്നും  വയലിലേയ്ക്ക് പറിച്ചു നട്ട  വള്ളിച്ചെടിയെന്നപോലെ അന്നക്കുട്ടിയിലെ സ്ത്രീ ആ തറവാട്ടിലാകെ ഏതാനും ആഴ്ചകൾകൊണ്ട് പടർന്ന് പന്തലിച്ചു .

കട്ടൻചായ മുതൽ താറാവുകറി വരെയും ,പശുത്തൊഴുത്ത് മുതൽ ചെറു  പൊടി പോലും കാണാത്ത വിധം അടിച്ചു വൃത്തിയാക്കിയ ഉമ്മറം വരെയും പതിനാലുകാരിയായ നവവധുവിന്റെ ' ടച്ച് ' പുറം പണിക്കാരുടെപൊലും  പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് തിരുവാതിര  നിലാവുപോലെ ആ വീടാകെ നിറഞ്ഞു നിന്നു  ജ്വലിച്ചു .

അന്നക്കുട്ടി ആ മലയോര ഗ്രാമത്തിൽ വന്നിട്ട്  കഷ്ടിച്ച് രണ്ട് മാസം  ആയിക്കാണണം. വേനൽ ആരംഭിച്ചു . ആ  സമയമാണ് അവിടങ്ങളിലുള്ളവർ  കോട്ടയം ,ചങ്ങനാശ്ശേരി മുതലായ ചന്തകളിൽ പോയി നെല്ല്, ഉണക്കക്കപ്പ മുതലായ  സാമാനങ്ങൾ അഞ്ചാറുമാസത്തേയ്ക്കു  വേണ്ടത് ഒരുമിച്ച് വാങ്ങിക്കൊണ്ടു  വരുക .കോട്ടയം ചന്തയിൽനിന്ന് ജോസപ്പുകുഞ്ഞ് വാങ്ങിക്കൊണ്ടുവന്ന  നെല്ല് അന്നക്കുട്ടി   മുറ്റത്ത്‌ പരമ്പ് വിരിച്ച്  നിരത്തിയിട്ട്, കാലുകൊണ്ട്  നികത്തി  ഉണക്കിക്കൊണ്ടിരുന്നപ്പോഴാണ് അത് നോക്കി നിന്നിരുന്ന റോസിമോൾ ആ ചോദ്യം  ചോദിച്ചത്:

".....കുഞ്ഞേച്ചിക്ക് വട്ടയപ്പം ഉണ്ടാക്കാനറിയാവോ ???...."
 അറിയാം എന്ന് അന്നക്കുട്ടി മൂളിയപ്പോൾ റോസിമോൾ, മാതാവിന്റെ കയ്യിലിരിക്കുന്ന ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയോടെ വീണ്ടും ചോദിച്ചു :

" ...എങ്കീ ....എനിക്കൊരു വട്ടയപ്പം ഉണ്ടാക്കിത്തരാവോ????...."
സ്വന്തം അമ്മയുടെ കയ്യിൽനിന്നും എന്തെങ്കിലും വാങ്ങിക്കഴിച്ച ഓർമ്മയില്ലാത്ത ആ അഞ്ചു വയസ്സിന്റെ ആഗ്രഹം, പതിനാലുകാരിയുടെ ഉള്ളിലെ മാതൃത്ത്വത്തെ ഉണർത്തി. നിലത്തിഴയുന്ന  വെള്ള മുണ്ടിന്റെ അറ്റം മടക്കിക്കുത്തിയിട്ട്  അന്നക്കുട്ടി ആ പൊരിവെയിലത്ത് ഒരു ഭഗീരഥപ്രയത്നത്തിന്‌ തയ്യാറായി.

കുഞ്ഞുനാത്തൂന്റെ ആഗ്രഹം സാധിക്കാൻ ഇറങ്ങിയ നവോഢയുടെ പിന്നിൽ ഉലക്കയും ,പനമ്പും പാത്രങ്ങളുമായി ഭർത്താവിന്റെ സഹോദരങ്ങൾ നിരന്നു , ദാവീദ് രാജാവിന്റെ പിന്നിൽ വാഗ്ദത്ത സൈന്യത്തെയെന്നപോലെ ....ഒരു  പള്ളിപ്പെരുന്നാള് കൂടുന്ന ആവേശത്തോടെ ആ പൈതങ്ങൾ കുഞ്ഞേച്ചിയെ സഹായിച്ചു , അരികുത്താനും, പൊടിക്കാനും, തേങ്ങാ ചിരകാനുമൊക്കെ.

അരിപൊടിച്ച് തീർന്നപ്പോഴേക്കും സന്ധ്യയായി . അന്ന് അവർ പണി നിർത്തി , പിറ്റേന്നും തുടങ്ങാനുള്ള ഊർജത്തോടെതന്നെ. പൂർണ്ണ ചന്ദ്രനെപ്പോലെ വെളുവെളുത്ത വട്ടയപ്പങ്ങൾ കരിവീട്ടിയിൽ മെടഞ്ഞ മേശമേൽ നിരത്തുമ്പോൾ കുഞ്ഞനുജന്മാരുടെയും അനുജത്തിമാരുടെയും കണ്ണുകളിൽ സന്തോഷം മിന്നുന്നത് കാണാൻ ആഗ്രഹിച്ച നവവധു ,പിറ്റേന്ന് ഉണർന്നയുടനെ ആദ്യം ചെയ്തത് പൊടിച്ച അരിയിൽ പനങ്കള്ള് ചേർത്ത് , പുളിക്കാൻ വയ്ക്കുകയായിരുന്നു .
മാവ് പുളിച്ചപ്പോൾ  വൈകുന്നേരമായി . രാത്രി എഴുമണിയൊടെ അന്നക്കുട്ടി  കരിവീട്ടിയുടെ മേശമേൽ വട്ടയപ്പങ്ങൾ പുഴുങ്ങി നിരത്തി .

കുഞ്ഞേച്ചിയുടെ കൂടെയിരുന്നെ കഴിക്കു എന്ന് വാശി പിടിച്ച അനുജന്മാരെയും അനുജത്തിമാരെയും 
"..... ഇപ്പൊ കുളിച്ചിട്ടു  വരാവേ... " 
എന്ന് പറഞ്ഞിരുത്തിയിട്ട്  അന്നക്കുട്ടി കിണറ്റുകരയിലെ വെട്ടുകല്പ്പുരയിലേയ്ക്ക് അന്നത്തെ അത്യാധ്വാനതിന്റെ വിയർപ്പും മെഴുക്കും കഴുകി കളയാനായിപ്പോയി. കല്ലിഞ്ചയുരച്ചുള്ള ധിറുധിപിടിച്ച സ്നാനത്തിലെപ്പൊഴൊ കാലിലൊരു സൂചിമുനയുടെ സ്പർശം....മണ്ണെണ്ണ വിളക്കിന്റെ ചെറിയ വെളിച്ചത്തിൽ പൂച്ചക്കുട്ടിയുടെ മുഖമുള്ള എന്തോ ഒന്ന് ഓവുചാലിനായി തുറന്ന ദ്വാരത്തിലൂടെ പുറത്തേയ്ക്ക് പോകുന്നത് അവൾ കണ്ടു .....

അനിയന്മാരും അനിയത്തിമാരും , അവർ കൊതിച്ച വിഭവത്തിന്റെ മുന്നിൽ കാത്തിരിക്കുന്നു എന്ന ചിന്ത മാത്രം ഉള്ളിലുണ്ടായിരുന്ന നവവധു, പകുതി മാത്രം ഈറൻ മാറിയിട്ട്  കുപ്പായം മാറ്റാനായി അറയിലേയ്ക്ക് ഓടുന്നതിനിടയിൽ ഭർത്താവിനോട് പറഞ്ഞു :

"....ഇച്ചായാ ....എന്നെ പൂച്ചക്കുഞ്ഞ് കടിച്ചു ...."
വസ്ത്രം മാറിയെത്തിയ അന്നക്കുട്ടി , റോസിമോളുടെ പ്രൊക്ലെയിൻ  പാത്രത്തിലേയ്ക്ക് ഒരു വട്ടയപ്പക്കഷ്ണം സ്നേഹപൂർവ്വം വിളമ്പി . കുഞ്ഞനുജത്തിയുടെ ചുരുൾ മുടിയിൽ ലാളനയോടെ തലോടിയിട്ട് നവവധു കുഴഞ്ഞു വീണു .

ഭർത്താവും ഭർത്തൃപിതാവും ഓടിയെത്തി . ജോസപ്പുകുഞ്ഞ്  അന്നക്കുട്ടിയുടെ കണങ്കാലുകലിൽനിന്ന് വെള്ളമുണ്ടിന്റെ അഗ്രം നീക്കി . വലതുകാലിൽ സാത്താന്റെ കണ്ണുകൾ പോലെ രണ്ടു രക്ത ബിന്ദുക്കൾ . മാത്തൻ തരകൻ നെഞ്ചത്ത് കൈ വച്ച് ചാരുകസേരയിലേയ്ക്ക് ക്ഷീണിതനായി ചാഞ്ഞു . മലമ്പനിയും മലമ്പാമ്പുകളും തന്റെ കുടുംബത്തെ സ്പർശിക്കാതിരിക്കാൻ പുണ്യാളന്റെ  കാൽക്കീഴിൽ അർപ്പിച്ച മെഴുകുതിരികളും നേർച്ചകളും വിഫലമായല്ലോ എന്നോർത്ത് ആ നെഞ്ച് പിടഞ്ഞു .

നിമിഷങ്ങൾ കഴിയവേ അണലിയുടെ കൊടും വിഷം അന്നക്കുട്ടിയുടെ  നാഡീവ്യൂഹങ്ങളിലാകെ ഉറഞ്ഞുകൂടി. നീല നിറം പടർന്നു , ദേഹം തണുക്കാൻ തുടങ്ങി .അഞ്ചു കിലോമീറ്റർ അപ്പുറമുള്ള വാവച്ചൻ വൈദ്യരുടെ വീട്ടിലേയ്ക്ക് കയറുകട്ടിലിൽ കിടത്തി കൊണ്ടുപോകാൻ തുടങ്ങവേ അവൾ ജോസപ്പുകുഞ്ഞിനോട് പറഞ്ഞു :

"....ഇച്ചായാ വെശക്കുന്നു ...."
റോസിമോൾ വട്ടയപ്പക്കഷണങ്ങളുമായി കുഞ്ഞേച്ചിയുടെ അടുത്തേയ്ക്ക് ഓടിവന്നപ്പോൾ ജോസപ്പുകുഞ്ഞ് തടഞ്ഞു . പരമ്പരാഗത വിഷ ചീക്ത്സാ വിശ്വാസപ്പ്രകാരം ദംശനമേറ്റാൽ ഭക്ഷണമോ പാനീയമോ കൊടുക്കരുത് . അത് വിഷം പടരുന്നത്‌ വേഗത്തിലാക്കും . ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ നാലഞ്ചാൾ ആ കട്ടിൽ ചുമന്ന് പടികടത്തവെ  അന്നക്കുട്ടി കുട്ടികളോട് പറഞ്ഞു :

".....കുഞ്ഞേച്ചി പോയിട്ട് ഇപ്പൊ വരാവേ ....നിങ്ങള്  കഴിച്ചിട്ട്  കെടന്നോ..."
കുഞ്ഞേച്ചിയുടെ കൂടെയിരുന്നെ അവരുടെ രണ്ടു ദിവസത്തെ അദ്ധ്വാനത്തിന്റെ അപ്പക്കഷണങ്ങൾ കഴിക്കൂ എന്ന വാശിയിൽ ആ കുട്ടികൾ കുഞ്ഞേച്ചി വരുന്നതും പ്രതീക്ഷിച്ച്  പാനീസുവിളക്കിന്റെ ചുവട്ടിൽ കാത്തിരുന്നു ...

പ്രതീക്ഷിച്ചതിലും നേരത്തെ  കുഞ്ഞേച്ചി തിരിച്ചു വന്നു , വെള്ളക്കച്ചയിൽ പൊതിഞ്ഞ , വെളുത്തു വിറങ്ങലിച്ച ശരീരമായി …... അന്നക്കുട്ടി ആ വീട്ടിലേയ്ക്ക് വലതുകാൽ വച്ച് കയറിയപ്പോൾ കയ്യിൽ പിടിച്ചിരുന്ന ഗ്രിഗോറിയൻ കുരിശു വിളക്കിച്ചേർത്ത നിലവിളക്ക്, തിരിയിട്ട് തെളിച്ച് ഉമ്മറത്തുവച്ചു.  രണ്ടുമാസത്തെ വാസം കൊണ്ടുതന്നെ ആ വീടിന്റെ നിലവിളക്കായി മാറിയ ശരീരം അതിനുമുന്നിൽ  കിടത്തി . അവളുണ്ടാക്കിയ അപ്പങ്ങൾ ആർക്കും വേണ്ടാതെ കരിവീട്ടിമേശമേൽ  നിരന്നു കിടന്നു .

പിറ്റേന്ന് ആ നവവധുവിന്റെ സ്നേഹം ഏറ്റവുമധികം ലഭിച്ച റോസിമോൾ ആ അപ്പക്കഷണങ്ങൾ വാഴയിലയിൽ പൊതിഞ്ഞ്   അന്നക്കുട്ടിയുടെ കുഴിമാടത്തിൽ വച്ചു . സിമിത്തേരിയിൽ അന്തിമ വിധിദിവസം കാത്ത് കിടന്ന തലമുറകൾ പ്രാവുകളായി പറന്നുയർന്നുവന്ന് നവവധുവിന്റെ കൈപ്പുണ്യം കൊത്തിത്തിന്നു.

സിമിത്തേരിയിൽനിന്നും ആ അഞ്ചു വയസ്സുകാരി പള്ളിയുടെ ആനവാതിൽ കടന്ന് അൾത്താരെയുടെ മുന്നിലേയ്ക്ക് നടന്നു . കാർക്കശ്യത്തിന്റെ സിനഗോഗുകളെ വെല്ലുവിളിച്ചുകൊണ്ട്‌ , കൊല്ലപ്പെട്ടത്തിന്റെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ മഹാ പ്രവാചകന്റെ കളിമണ്‍ രൂപത്തിന്റെ  മുന്നിൽ നിന്ന്  ആ ബാല്യം അദ്ദേഹത്തോട് മറ്റൊരു അത്ഭുതം  കൂടി  പ്രവർത്തിക്കാൻ യാചിച്ചു :
"....എന്റെ കുഞ്ഞേച്ചിയെ  തിരിച്ചുകൊണ്ടുവരാവോ...."
കുരുന്നിന്റെ മുന്നിൽ  ഉത്തരം പറയാനാകാതെ പ്രവാചകൻ പോലും മൗനിയായി !!!!


1 comment:

  1. This comment has been removed by a blog administrator.

    ReplyDelete