Saturday, 3 August 2013

ക്രിസ്മസ് പരീക്ഷയും കരിമഷിക്കണ്ണുകളും

Written by : Melvin Jose
Cartoons by : Mujeeb Patla 
 
മാത്യു പീറ്റർ, ഞങ്ങളുടെ മത്തായിച്ചൻ, പ്രസംഗ കലയുടെ ഉസ്താദ്‌  ആയിരുന്നു. ആളൊരു വെറും പാവമാണ്. അങ്ങനെ വല്യ സംസാരവും മിണ്ടാട്ടവും ഒന്നുമില്ല. പക്ഷെ പ്രസംഗ മത്സരത്തിനു സ്റ്റേജിൽ കയറിയാൽ എവിടുന്നോ ഒരു ഊർജം ആ ശരീരത്തിലേയ്ക്ക് ഒഴുകിയെത്തും. ആയിരം പേർ ഇരിക്കുന്ന സദസ്സിനെ പോലും വാക്കുകൾകൊണ്ട് താജ്മഹൽ തീർത്ത് പുള്ളിക്കാരൻ തന്റെ ആരാധകരാക്കി മാറ്റും.

സ്കൂളിലായാലും വേദപാഠത്തിനായാലും പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം എന്നും മത്തായിച്ചൻ കൊണ്ടുപോകുമെന്ന് ഉറപ്പാണ്‌.
ഇതൊക്കെയാണെങ്കിലും  മത്തായിച്ചന് ഞങ്ങൾ വളരെ അടുത്ത  സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന ഒരു സ്വകാര്യ ദുഖം   ഉണ്ടായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കാൻ അറിയില്ല …… ഒരു പെണ്‍കുട്ടിയോട് ഒരു രണ്ടു മിനിട്ട് സംസാരിക്കാൻ പറഞ്ഞാൽ ആൾടെ മുട്ടിടിക്കും, അങ്ങനത്തെ അവസരങ്ങളിൽ വാക്കുകൾ കൊണ്ട്  താജ്മഹൽ പോയിട്ട് ഒരു കലുങ്ക് പോലും സൃഷ്ട്ടിക്കാൻ പുള്ളിക്കാരന്  പറ്റിയിട്ടില്ല ......

എത്ര വലിയ പ്രസംഗ വേദിയുടെ മുന്നിലും നെപ്പോളിയനെപ്പോലെ  നെഞ്ചും വിരിച്ചു നില്ക്കുന്ന ആ കോൺഫിഡെൻസ്, പെണ്കുട്ടികളുടെ മുന്നിലെത്തുമ്പോൾ ടിപ്പർ ലോറി കയറിയിറങ്ങിയ തക്കാളി പോലെ ചിന്നിച്ചിതറുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്....'ളാലം - കത്തീഡ്രൽ - പുത്തൻപള്ളി‘ ഇടവകകളിലെ പെണ്കുട്ടികൾ  മത്തായിച്ചനെ ഒരു ദുശ്ശകുനമായി കരുതി, തികഞ്ഞ അവഗണയോടെ ആയിരുന്നു പുള്ളിക്കാരനോട് പെരുമാറിയിരുന്നത് ........ മത്തായിച്ചനെ കാണുമ്പോൾ അവര് മുഖത്തേയ്ക്ക്‌ ഒന്നു നോക്കുക പോലും ഇല്ല …......പിന്നെ വേണ്ടേ സംസാരിക്കാൻ………
നാട്ടിലെ പെണ്‍കുട്ടികളുടെ ഈയൊരു ആറ്റിറ്റൂഡിന്‌ പിന്നിൽ  മത്തായിച്ചന്റെ കൈയ്യിലിരുപ്പിന് ചെറുതല്ലാത്ത സ്ഥാനം ഉണ്ട്. അതിനെക്കുറിച്ച് ഓർത്ത് ആൾക്ക് ഇപ്പൊ വലിയ സങ്കടവും  കുറ്റബോധവും ഒക്കെ ഉണ്ട്. പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.......

ഒന്നു രണ്ടു വർഷം മുമ്പാണ് സംഭവം. 'ഒരു വടക്കൻ വീരഗാഥ ' സിനിമ മൂന്നാല് തവണ കണ്ടതു കാരണം ' …..പെണ്ണായി പിറന്ന എല്ലാം ചതിക്കും ...' എന്നൊരു മുൻവിധിയൊടുകൂടി ആയിരുന്നു അന്ന് പെണ്കുട്ടികളോടുള്ള ആ പതിനഞ്ചുകാരന്റെ പെരുമാറ്റം. പ്രായത്തിന്റെ പക്വതക്കുറവ്.

അന്ന്, ഒൻപതാം ക്ലാസ് കഴിഞ്ഞ് വേനലവധിക്കായി സ്കൂൾ അടച്ച സമയമായിരുന്നു. വേദപാഠത്തിന്റെ സ്പെഷ്യൽ ക്ലാസ് നടക്കുന്നു . മത്തായിച്ചൻ പോലും അറിയാതെ, ആ ക്ലാസ്സിൽ പുള്ളിക്കാരന് ഒരു 'ആരാധിക' രൂപപെട്ടുവരുന്നുണ്ടായിരുന്നു. ബൈബിൾ പ്രസംഗ മത്സരങ്ങളിൽ എന്നും മത്തായിച്ചന്റെ മുന്നിൽ പരാജയം ഏറ്റുവാങ്ങാറുണ്ടായിരുന്ന റോസി ചെറിയാൻ . 
മത്തായിച്ചൻ, രൂപതാ പ്രസംഗ മത്സരത്തിൽ ഒന്നാമതെത്തി , ബിഷപ്പിന്റെ കയ്യിൽ നിന്നും മെടൽ വാങ്ങിയതോടെ റോസിയുടെ മനസ്സിൽ മൂപ്പർക്ക് ഒരു 'ഗ്ലാഡിയേറ്റർ' ഇമേജ് ആയി.
വേദപാഠക്ലാസ്സിന്റെ വരാന്ത ആളൊഴിഞ്ഞ ഒരു ദിവസം, റോസി മത്തായിച്ചന് ഒരു സ്നേഹ സമ്മാനം കൊടുത്തു : ഗീവർഗീസ് പുണ്യാളന്റെ ഒരു പടം !!!!!!

റോസി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നെ നടന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ എന്നത്  മാത്രമായിരുന്നു റോസി ഗീവർഗീസ് പുണ്യാളന്റെ പടം തന്നെ സെലക്ട്‌ ചെയ്യാനുള്ള തികച്ചും നിഷ്കളങ്കമായ കാരണം…….
പക്ഷെ റോസി ഉദ്ദേശിച്ച  വികാരത്തെ ഒരിക്കലും സിംബലൈസ് ചെയ്യുന്നതല്ല, റോമൻ പട്ടാള വേഷത്തിൽ, പടക്കുതിരയുടെ പുറത്തിരുന്ന്, ഭീകരരൂപിയായ സർപ്പത്തിന്റെ വായിൽ കുന്തം കുത്തിയിറക്കി, ഒരു നിസ്സഹായയായ പെണ്‍കുട്ടിയെ ആ സർപ്പത്തിൽനിന്ന് രക്ഷിക്കുന്ന ഗീവർഗീസ് പുണ്യാളന്റെ പടം.

ക്രിസ്ത്യൻ തിയോളജി പ്രകാരം, നിസ്സഹായരെയും അഗതികളെയും  പീഡിപ്പിക്കുന്ന കറുത്ത ശക്തികൾക്കെതിരെ എക്സ്ട്രീം ഒഫൻസീവ്  ആറ്റിറ്റൂഡ് എടുക്കുന്ന ഗീവർഗീസ് പുണ്യാളൻ, പുണ്യവാളരുടെ   ലിസ്റ്റിൽ റിയാക്ഷനറി പോളിസി ഫോളൊ ചെയ്യുന്ന ഏക വ്യക്തിയുമാണ്‌…….
ആ പടം മുന്നിൽ വച്ച്, വേദപാഠ ക്ലാസ്സിലെ മത്തായിച്ചന്റെ ഫ്രണ്ട്സ് ഒരു ഡീറ്റെയിൽഡ് അനാലിസിസ് നടത്തി. എന്നിട്ട് അവർ കണ്ടെത്തിയത് ഇതായിരുന്നു :

" ഇത് വെറുമൊരു പടമല്ല .........ഒരു സന്ദേശമാണ് ……...ഇവിടെ  അഗതിയായ പെണ്‍കുട്ടി എന്ന് റോസി ഉദ്ദേശിച്ചിരിക്കുന്നത്  അവളെത്തന്നെയാണ്….....സർപ്പം എന്ന് ഉദ്ദേശിച്ചിരിക്കുന്നത്, നിന്നെയാണ്  മത്തായിച്ചാ .........ഗീവർഗീസ് പുണ്യാളൻ  എന്ന് ഉദ്ദേശിച്ചിരിക്കുന്നത് .........അത് ഗീവർഗീസ് പുണ്യാളനെത്തന്നെയാണ്‌........അതായത് നീയായ സർപ്പത്തിൽ നിന്നും പുണ്യാളൻ അവളെ രക്ഷിക്കുമെന്ന്..... മനസ്സിലായോ ?????"

"…… മനസ്സിലായില്ല …….", മത്തായിച്ചൻ സത്യസന്ധമായിത്തന്നെ മറുപടി  പറഞ്ഞു .

"....എടാ പുല്ലേ ..... ഇവിടെ നടന്ന പ്രസംഗ മത്സരത്തിലൊക്കെ നീ അവളെ തോൽപ്പിച്ചില്ലേ....., പക്ഷെ അടുത്ത മാസം നടക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാ മത്സരത്തിൽ അവള് നിന്നെ തോൽപ്പിക്കുമെന്ന്.......അതിനു പുണ്യാളൻ അവളെ സഹായിക്കുമെന്ന് ....അവള് എന്തോ നേർച്ച നേർന്നിട്ടുണ്ടെന്നാ തോന്നുന്നേ ..............പീക്കിരിപ്പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ ....പ്രസംഗത്തിന്റെ കാര്യത്തിൽ മത്തായിച്ചനെ വെല്ലുവിളിക്കുന്നു ....."

തികച്ചും അപമാനകരമായ ഒരു ചലഞ്ച് ആയിട്ടാണ് മൂപ്പർക്കതു ഫീൽ ചെയ്തത് ......മത്തായിച്ചന്റെ ഉള്ളിലെ പതിനഞ്ചുകാരൻ ചന്തുച്ചേവകർ സടകുടഞ്ഞു. കൊടുംകാറ്റ് പോലെ മത്തായിച്ചൻ ആ പടവുമായി ക്ലാസ്സിലേക്ക് പോയി. ഇന്റർവെൽ സമയത്തെ ചില കൊച്ചു വർത്തമാനങ്ങളിൽ ആയിരുന്നു റോസിയും കൂട്ടുകാരും. റോസിയുടെ മുന്നിലെത്തിയിട്ട്, അവളെ രൂക്ഷമായി നോക്കി മത്തായിച്ചൻ പറഞ്ഞു :

" .....നിന്റെ മനസ്സിലിരുപ്പ് നടക്കിലെടി....പുണ്യാളൻ സത്യമുള്ളവനാ....."
ഇത്രയും പറഞ്ഞിട്ട് മത്തായിച്ചൻ ഇറങ്ങിപ്പോയി, ക്ലാസ്സിൽ നിന്നും, എന്നെന്നേയ്ക്കുമായി റോസിയുടെ ഹൃദയത്തിൽ നിന്നും .......... 
വർഷം ഒന്നുരണ്ട് കഴിഞ്ഞപ്പോൾ മൂപ്പർടെ ഉള്ളിലെ സ്ത്രീ വിരോധിയായ ചന്തുച്ചേവകർ മരിച്ചു , പകരം ഒരു കുഞ്ചാക്കോ ബോബൻ ജനിച്ചു . റോസി ഒരു പാവമാണെന്നും, അവളെ താൻ ഒരുപാട് വേദനിപ്പിച്ചു എന്നുമൊക്കെ ആൾക്ക് തോന്നി തുടങ്ങി. പക്ഷെ മത്തായിച്ചന്റെ കഷ്ടകാലത്തിന്, പത്താം ക്ലാസ്സ്‌ കഴിഞ്ഞു നടന്ന ദൈവവിളി ക്യാമ്പിൽ വച്ച് റോസിക്ക് ദൈവവിളി കിട്ടുകയും അവൾ  മഠത്തിൽ ചേരുകയും ചെയ്തു.......അതോടുകൂടി മത്തായിച്ചന് ഒരു പേര് വീണു  :

' ....തന്നെ ആദ്യമായി സ്നേഹിച്ച പെണ്‍കുട്ടിയെതന്നെ കന്യാസ്ത്രി മഠത്തിൽ അയച്ചവൻ....'

പിന്നെ ആനാട്ടിലുള്ള ഒറ്റ പെണ്‍കൊച്ചിനും മത്തായിച്ചനെ ഒന്ന് നോക്കാൻ പോലും ധൈര്യം വന്നില്ല...….. ' മത്തായിച്ചന്റെ ഒരു നോട്ടം പതിഞ്ഞാൽ മതി , മഠത്തിലെക്കുള്ള റൂട്ട് അപ്പോൾ തന്നെ ക്ലീയറാകും……' എന്നൊരു ഭീതികരമായ വിശ്വാസം പെണ്‍കുട്ടികൾക്കിടയിൽ പോപ്പുലർ ആയി.
അങ്ങനെ സമപ്രായത്തിലുള്ള ഒരു പെണ്‍കൊച്ചിനോടും ഒന്ന് മിണ്ടാൻ പോലും സാധിക്കാതെ ഒരു 'വിശുദ്ധ' ജീവിതം നയിക്കാൻ സാഹചര്യ  സമ്മർദങ്ങൾ മൂലം മത്തായിച്ചൻ നിയോഗിക്കപ്പെടുകയായിരുന്നു .......കുരുട്ടുബുദ്ധിക്കാരായ കുറെ കൂട്ടുകാര് ഉണ്ടെങ്കിൽ എത്ര നല്ല  മനുഷ്യനും ചീത്തപ്പേര് ഉണ്ടാക്കികൊടുക്കാം എന്നതിന്റെ ഉത്തമ  ഉദാഹരങ്ങളാണ്  മേൽ പറഞ്ഞ സംഭവങ്ങൾ  ഒക്കെ ......

ഈ ചീത്തപ്പേര് തീർക്കാൻ ഒരവസരം ദൈവം കൊണ്ടുത്തരും എന്ന്  മത്തായിച്ചൻ അത്മാർഥമായി വിശ്വസിച്ചു. പക്ഷെ മത്സര വേദികളിൽ, വിജയത്തിന്റെ പെരുമഴകൾ ആ ജീവിതത്തിൽ പെയ്യിച്ച വിധി, ഈ ഒരു  കാര്യത്തിൽ   വരൾച്ചയുടെ  അനേകം  ദിനങ്ങൾ  ഇനിയും  ഒരുപാട് ആ  മനുഷ്യനെക്കൊണ്ട്  അനുഭവിപ്പിക്കാൻ  വച്ചിരുന്നു . അതിലെ   ഏറ്റവും  ക്രൂരമായ  ഒരു  ദിവസമായിരുന്നു   മത്തായിച്ചൻ   ജീവിതത്തിൽ  ഒരിക്കലും മറക്കാത്ത  ആ  യാത്ര   നടന്നത് !!!!!!

ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയം. ഉച്ചക്ക് ഒന്നര മുതൽ  നാലരവരെയാണ് എല്ലാ ദിവസവും പരീക്ഷ. ബയോളജി പരീക്ഷയുടെ  അന്ന് എന്തോ കാരണത്താൽ മത്തായിച്ചൻ വീട്ടിൽനിന്നും ഇറങ്ങാൻ താമസിച്ചു. സമയം ഒരുമണി ആയപ്പോഴാണ് ബസ്സ്റ്റോപ്പിൽ എത്തിയത്.

മത്തായിച്ചനും, ടൗണിലെ സെയിന്റ് മേരീസ് ഗേൾസ്‌ പ്ലസ്‌ടു  സ്കൂളിന്റെ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടിയും മാത്രമേ അപ്പോൾ ആ പരിസരത്ത് ഉള്ളു. മത്തായിച്ചന് സമയം പോകുന്നതിന്റെ ടെൻഷൻ. സ്കൂളിലേക്ക് അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. കുറെ നേരം കാത്തിട്ടും ബസ്സ്‌ വരുന്നില്ല. ആ പെണ്‍കുട്ടിയും ഇടയ്ക്ക് വാച്ചിലേക്കും, ബസ്സ്‌ വരുന്നുണ്ടോ എന്ന് റോഡിലേക്കും മാറിമാറി നോക്കി വിഷണ്ണയായി നിൽക്കുന്നു. അവൾക്കും ഒന്നരയ്ക്കാണ്‌ പരീക്ഷ .

ഇനിയും കാത്താൽ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് സ്കൂളിൽ എത്തില്ല എന്ന് മനസിലാക്കി, ഒരു ഓട്ടോറിക്ഷ വിളിക്കാൻ മത്തായിച്ചൻ  തീരുമാനിച്ചു . തൊട്ടടുതുതന്നെയുള്ള  ഓട്ടോസ്റ്റാന്റിലേയ്ക്ക് നോക്കിയ മത്തായിച്ചൻ ശരിക്കും ഞെട്ടി ..........കഷ്ടകാലം വരുമ്പോൾ അരഞ്ഞാണവും കിങ്ങ് കോബ്രയായി മാറും എന്ന് പറയും പോലെ, ഏത് പാതിരായ്ക്കും  രണ്ടുമൂന്ന് ഓട്ടോറിക്ഷയെങ്കിലും കാണാറുള്ള ആ സ്റ്റാന്റ് അപ്പോൾ  കാലി....

പിന്നെ ബസ്സ്‌ വരണമെന്നല്ല മത്തായിച്ചൻ പ്രാർഥിച്ചത്....ഓട്ടോ ഒരെണ്ണം  വരണമെന്നായിരുന്നു. കൂടെയുള്ള ആ പെങ്കൊച്ചും ബസ്സ്‌ കിട്ടുമെന്നുള്ള പ്രതീക്ഷ ഉപേക്ഷിച്ച് ഒരു ഒട്ടോക്കായി നിമിഷങ്ങൾ എണ്ണി നിന്നു……….

പിന്നെയും ഒന്നുരണ്ടു മിനുട്ടുകൾ ....ഒടുവിൽ അവർ രണ്ടു പേർക്കും അല്പം ആശ്വാസം നൽകിക്കൊണ്ട് അങ്ങ് ദൂരെ ഒരു ഓട്ടോ പ്രത്യക്ഷപ്പെട്ടു മത്തായിച്ചൻ ഓൾമോസ്റ്റ്‌ റോഡിന്റെ നടുക്ക് വരെ വന്ന് ഇരുകയ്യും വീശിക്കാണിക്കാൻ തുടങ്ങി. അല്പം കോമ്പറ്റീഷൻ മൈന്റോടെ ആ പെണ്‍കുട്ടിയും റോഡിലേക്ക് ഇറങ്ങി ഓട്ടോയെ നോക്കിനിന്നു. 

ആ ഓട്ടോ മത്തായിച്ചന്റെ കൈവീശലും കലാശവും ഒന്നും കണ്ടില്ല എന്ന മട്ടിൽ, പുള്ളിക്കാരനെ തീർത്തും അവഗണിച്ചുകൊണ്ട് ആ പെണ്‍കുട്ടിയുടെ അടുത്ത് വന്ന് നിന്നു. മത്തായിച്ചൻ മനസ്സിൽ വിചാരിച്ചു :
'.......അല്ലെങ്കിലും ഈ സമൂഹം സ്ത്രീ കേന്ദ്രീകൃതമാണ് ...പതിനേഴ്‌ വയസ്സുള്ള ഒരു പെണ്‍കുട്ടി, എല്ലാവരും അംഗീകരിക്കുന്ന ഒരു യുവതിയാണ്, അതേ സമയം പതിനേഴ്‌ വയസ്സുള്ള ആണ്‍കുട്ടി ഒരു  'പീറപ്പയ്യൻ'  മാത്രം .....'

ആ സാമൂഹിക അസമത്വത്തിന് എതിരെ, ഓണ്‍ ദി സ്പോട്ടിൽ പ്രതികരിക്കാൻ തീരുമാനിച്ച മത്തായിച്ചൻ, ഒരു ചൈനീസ്‌ കുങ്ങ്ഫു വിദഗ്ധന്റെ മെയ്യ് വഴക്കത്തോടെ പെണ്‍കുട്ടിക്കും ഒട്ടോയ്ക്കും ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ, ഓട്ടോയിൽ കയറാൻ മുന്നോട്ട് ആഞ്ഞ പെങ്കൊച്ചിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഓട്ടോയ്ക്ക് അകത്തു ചാടിക്കയറി. എല്ലാം സ്പ്ളിറ്റ് ഓഫ് എ സെക്കന്റ് കൊണ്ടായിരുന്നു.

'......ചേട്ടാ ടൗണിലേക്ക് വിട്ടൊ ....വേഗം ....'  
എന്ന് ഓട്ടോക്കാരനോട്  മത്തായിച്ചൻ പറഞ്ഞപ്പോൾ,
'......ഇവൻ എങ്ങനെ ഇതിനകത്ത് കയറി ....' എന്ന മട്ടിൽ ആ അമ്പതു വയസ്സ് പ്രായം തോന്നിക്കുന്ന മനുഷ്യൻ തിരിഞ്ഞു നോക്കി, എന്നിട്ട്  '......കയറുന്നുണ്ടോ....'  എന്ന മട്ടിൽ ആ പെണ്‍കുട്ടിയെയും ഒന്ന് നോക്കി. മത്തായിച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പെണ്ണും ഓട്ടോയിൽ കയറി. 

ഓട്ടോ നീങ്ങി തുടങ്ങി. മത്തായിച്ചനു് അതൊരു ഷോക്കായിരുന്നു. സെയിന്റ് മേരീസ് ഗേൾസ്‌ സ്കൂളിലെ ഒരു പെങ്കൊച്ചിന്‌, എങ്ങനെ സമപ്രായക്കാരനായ ഒരു അന്യനോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്യാൻ ധൈര്യം വന്നു ????  താനും ഈ പെണ്‍കുട്ടിയും ഓട്ടോയിൽ വന്നിറങ്ങുന്നത്, പരിചയക്കാർ ആരെങ്ങിലും കണ്ടാൽ …….....അതുമതി, ആകാശം ഇടിഞ്ഞ് വീഴാൻ …….....ഈ പെണ്ണ് മനുഷ്യനെ നാണം കെടുത്തും …....വൃത്തികെട്ട ജന്തു……..

അങ്ങനെ ആദ്യ ചിന്തകൾ അല്പം കാടുകയറി എങ്കിലും, രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ മത്തായിച്ചന്റെ മനസ്സ് ശാന്തമായി ………..ആ ഹൃദയം, ആ മനസ്സിനോട് പറഞ്ഞു :

'......കമോണ്‍ മത്തായി …....നീയെന്താ ഇങ്ങനെ റൂഡ്‌ ആയി ചിന്തിക്കുന്നത് ........ അവളും നിന്നെപ്പോലെ  ഒരു വിദ്യാർദ്ധിയല്ലെ.......... പരീക്ഷക്ക് വൈകരുതെന്ന് അവൾക്കും ആഗ്രഹമുണ്ടാവില്ലേ......പിന്നെ നീ ഒരു അന്യപുരുഷൻ ആകുന്നത് എങ്ങനെ ????.....അവളും അതേ ബസ്സ്‌ സ്റ്റോപ്പിൽ അല്ലെ നിന്നത് .........അപ്പോൾ അവൾ ആ നാട്ടുകാരി അല്ലെ ????  നിനക്ക് അവളെ പരിചയം ഇല്ലെങ്കിലും,  പ്രസംഗ വേദിയിൽ 'വാജ്പേയി'യെ വെല്ലുന്ന ആ വാക്ചാതുര്യത്തിന്റെ ഉടമയെ, നാട്ടിലെ ഏതു പെണ്‍കുട്ടിക്കാണ്‌ അറിയാത്തത്……..'

......പക്ഷെ ഇതൊക്കെയാണെങ്കിലും ‘ കന്യാസ്ത്രി മഠത്തിലേയ്ക്കു  റിക്രൂട്ട്മെന്റെ് നടത്തുന്നവൻ ‘ എന്ന് പെണ്‍കുട്ടികൾ രഹസ്യമായി വിളിക്കുന്ന തന്റെ ഒപ്പം ഓട്ടോയിൽ കയറാൻ മാത്രം ധൈര്യം ??? ….....

ഇത്രയും ആലോചിച്ചു കൂട്ടിയപ്പോഴേക്കും മത്തായിച്ചന്റെ മനസിൽ ഒരു ഇടിമിന്നൽ പാഞ്ഞു : '......ഓ മൈ ഗോഡ് !!!!!!....... ഇനി…..…ഇനി.……..ഇവൾക്ക് എന്നോടെന്തെങ്കിലും......പണ്ട് റോസിക്ക് ഉണ്ടായപോലെ വീരാരാധനയിൽ നിന്നും ഉടലെടുത്ത സ്നേഹം ……… അല്ലെങ്കിൽ, പെണ്‍കുട്ടികൾ വെറുക്കുന്ന ഈ പാവത്തിനോടുള്ള സിംപതി ????? അതുകൊണ്ടാണോ താൻ ക്ഷണിക്കാതിരുന്നിട്ടും അവൾ ആ ഓട്ടോയിൽ കയറിയത് ?????

മത്തായിച്ചൻ അവളെ തിരിഞ്ഞൊന്നു നോക്കി. കരിമഷി എഴുതിയ കണ്ണുകൾ. ചന്ദനത്തിന്റെ നിറമുള്ള കൈകൾ......ഈ സുന്ദരിയെയാണോ കുറച്ചു മുൻപ് 'വൃത്തികെട്ട ജന്തു ' എന്ന് താൻ മനസ്സിൽ വിളിച്ചത്….…

പിന്നെ അടുത്തൊരു രണ്ട് മിനുട്ടിനുള്ളിൽ, എന്തിനാണെന്നറിയില്ല,  മത്തായിച്ചൻ ഒരു ഏഴെട്ടു തവണ ആ പെണ്‍കൊച്ചിനെ തല തിരിച്ച് നോക്കി.  ഓരോ തവണ നോക്കുമ്പോഴും ആ കരിമഷിക്കണ്ണുകളിലെ നീലിമയ്ക്ക് ആഴം കൂടുന്നതായി തോന്നി. അത് അങ്ങനെയാണ്, സമയം എത്തുമ്പോൾ തോന്നേണ്ടാത്തതൊക്കെ മനുഷ്യന് തോന്നും, പണ്ട് അനാർക്കലിയെ കണ്ടപ്പോൾ ജഹാംഗീറിന്‌ തോന്നിയ പോലെ......

ആ പെണ്‍കുട്ടിയോട് എന്തെങ്കിലും ഒന്നു മിണ്ടണം എന്ന് മത്തായിച്ചൻ തീരുമാനിച്ചു. സാധാരണ ഗതിയിൽ കക്ഷിക്ക് അതിനുള്ള ധൈര്യം വരേണ്ടതല്ല. പക്ഷെ ഇപ്പോൾ ആ കരിമഷിയെഴുതിയ കണ്ണുകൾ തന്റെ ഹൃദയത്തെ ചൂണ്ടമുന പോലെ കൊത്തി വലിക്കുന്നു !!!!!. പെട്ടന്ന് എങ്ങനെയോ ഒരു ധൈര്യം വന്നു. അങ്ങനെ എത്രയോ വർഷങ്ങൾക്ക് ശേഷം മത്തായിച്ചൻ ഒരു പെണ്‍കുട്ടിയോട് മിണ്ടി :

"...എസ്ക്യൂസ്മി .......എന്താ പേര് ??......."
കരിമഷിക്കണ്ണുകളിൽ തികഞ്ഞ അവഗണന…….….ഒന്നു സംശയിച്ചിട്ട് അവൾ ഉത്തരം പറഞ്ഞു :
"........അനു……….."

ഓട്ടോക്കാരൻ ഒരു ചെറിയ സദാചാര പോലീസ് ആയിരുന്നു. നാട്ടിലെ ഒരു പയ്യനും പെണ്‍കുട്ടിയും തമ്മിൽ സംസാരിച്ചത് അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല. അയാൾ ചെറുതായൊന്നു തിരിഞ്ഞു നോക്കി, എന്നിട്ട്  മത്തായിച്ചന്റെയും പെണ്‍കുട്ടിയുടെയും സംസാരം ബ്രേക്ക്‌ ചെയ്യാൻ വേണ്ടി ചോദിച്ചു :
".......എപ്പോഴാ ഇന്ന് പരീക്ഷ ????......"
മത്തായിച്ചനും പെണ്‍കുട്ടിയും ഒരുമിച്ച് ഉത്തരം പറഞ്ഞു :

"......ഒന്നരയ്ക്ക്...."
ഓട്ടോക്കാരൻ മത്തായിച്ചന്റെ സൈഡിലേയ്ക്ക് തല തിരിച്ച് ഒന്നു നോക്കി, ഒരു തരം അവജ്ഞയോടെ. അവിടെ ഒരു നഗ്ന സത്യം മത്തായിച്ചൻ മനസിലാക്കുകയായിരുന്നു, ഓട്ടോക്കാരനും ആ സുന്ദരിയായ പെണ്‍കുട്ടിയോട് സംസാരിക്കാനാണ് ശ്രമം. താൻ അതിനിടയിൽ ഒരു കട്ടുറുമ്പായി അയാൾക്ക്‌ ഫീൽ ചെയ്യുന്നു . 

കരിമഷിക്കണ്ണുകളുടെ ഉടമയോട് സംസാരിക്കുന്നതിൽ ആ പതിനേഴ്‌ കാരനും, ഓട്ടോക്കാരൻ അന്പതുകാരനും തമ്മിൽ അവിടെ ഒരു കോമ്പറ്റീഷൻ ഡെവലപ്പ് ചെയ്തു തുടങ്ങുകയായിരുന്നു. പക്ഷെ അവിടെ തോറ്റുകൊടുക്കാൻ മത്തായിച്ചൻ ഒരുക്കമായിരുന്നില്ല. 
പെണ്‍കുട്ടികളോട് സംസാരിക്കാൻ അറിയാത്തവൻ........., ആദ്യമായി തന്നെ സ്നേഹിച്ച പെങ്കുട്ടിയെത്തന്നെ കന്യാസ്ത്രീ മഠത്തിൽ അയച്ചവൻ……...., അണ്‍ റൊമാന്റിക്ക്……..എല്ലാ ചീത്തപ്പേരും ഇന്ന് മാറ്റണം .....മാറ്റും…….. . മത്തായിച്ചൻ വക പെണ്‍കുട്ടിയോട് അടുത്ത ചോദ്യം :

".....എവിടെയാ വീട് ......"
അപ്പോഴും ഉത്തരം പറയാൻ കരിമഷിക്കണ്ണുകളുടെ ഉടമ സംശയിച്ചു .
' ഈ ഓട്ടോയിൽ കയറിയത് പണിയായോ ' എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട്‌ അവൾ ഉത്തരം പറഞ്ഞു:

".......കടയം പാലത്തിന് അടുത്ത് …......."
മത്തായിച്ചനും ഓട്ടോക്കാരനും തമ്മിലുള്ള കോമ്പറ്റീഷൻ കൂടുതൽ കടുക്കുകയായിരുന്നു. പെണ്‍കുട്ടിയോട് അടുത്ത ചോദ്യം ഓട്ടോക്കാരന്റെ വകയായിരുന്നു :

"........ ഇന്നെന്താ പരീക്ഷ ??......"
വാശിമൂത്ത മത്തായിച്ചൻ, പെങ്കൊച്ച് ഉത്തരം പറയുന്നതിന് മുൻപ്  ചാടിക്കയറി ഉത്തരം പറഞ്ഞു:  "........ബയോളജി.........."

ഓട്ടോക്കാരന് അത് തീരെ ഇഷ്ടപ്പെട്ടില്ല . " ....ഈ ചെറുക്കൻ ..." , എന്ന് നിശബ്ദമായി  അയാളുടെ ചുണ്ടുകൾ പറഞ്ഞത് മുന്നിലെ കണ്ണാടിയിലൂടെ മത്തായിച്ചൻ കണ്ടു . 

'…….ഐ ഡോണ്ട് കെയർ……..' എന്ന ഭാവമായിരുന്നു മത്തായിച്ചന്.   
ആ യാത്ര അവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങളെ ഉള്ളു , അതിനു മുൻപ് ആ പെണ്‍കുട്ടിയുമായി ഒരു  ‘ ലിങ്ക് ’ ഉണ്ടാക്കി എടുക്കണം , എങ്കിലെ അതിൽ പിടിച്ചു തൂങ്ങി, ആ ഹൃദയത്തിലേയ്ക്ക് ഒരു കരിങ്കുരങ്ങിനെപ്പോലെ വലിഞ്ഞു കയറാൻ പറ്റു….. അതിനുവേണ്ടി അല്പം കൂടി ഇന്റിമേറ്റായ മറ്റൊരു ചോദ്യം, ഇത്തിരി പ്രണയാർദ്രമായിതന്നെ മത്തായിച്ചൻ ചോദിച്ചു. അത് ചോദിക്കുമ്പോൾ കമലാഹാസന്റെ ശബ്ദവും ആത്മാവും മത്തായിച്ചനിലേയ്ക്ക് പരകായ പ്രവേശം ചെയ്യുകയായിരുന്നു :

"........കൊച്ചിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ??........."
ആ ചോദ്യം മുഴുമിച്ചതും , ഓട്ടോറിക്ഷ ഒരു സഡൺ ബ്രേയ്ക്ക് ഇട്ടു നിന്നു. ഓട്ടോക്കാരൻ വണ്ടിയിൽനിന്നും ചാടി ഇറങ്ങിയിട്ട് മത്തായിച്ചനെ നോക്കി പറഞ്ഞു: 

" ...എടാ ചെറുക്കാ...........ഈ ഇരിക്കുന്നത് എന്റെ മകളാ .....നിനക്കിനി എന്താ അറിയേണ്ടതെന്നുവച്ചാൽ  എന്നോട് ചോദിച്ചാൽ മതി .....നീ പത്രോസുചേട്ടന്റെ മകനായതുകൊണ്ടാ  ഇത്രയും ക്ഷമിച്ചത് .....ആ നല്ല മനുഷ്യന് ചീത്തപ്പേര് ഉണ്ടാക്കാൻ ഓരോന്ന് കുരുത്തോളും......"

അയാൾ ഇത്രയും പറഞ്ഞപ്പോൾ, അതി ദയനീയമായ ശബ്ദത്തിൽ , കരിമഷിക്കണ്ണുകളുടെ ഉടമ ഇടപെട്ടു : ".....ചാച്ചാ.....പ്ലീസ്....നാട്ടുകാര് കാണും .....വാ……പോകാം…. എനിക്ക്… പരീക്ഷക്ക്‌  വൈകും ....."

അയാൾ ഓട്ടോയിൽ കയറി, വണ്ടി വീണ്ടും നീങ്ങി തുടങ്ങി . മത്തായിച്ചന് വ്യക്തമായി കേൾക്കാവുന്ന ശബ്ദത്തിൽ അയാൾ പിറുപിറുത്തു :
".........ഒരോന്നിനൊക്കെ ഒരു സഹായം ചെയ്യാമെന്ന് വച്ചാൽ അത് മനുഷ്യന് പാരയായി വരും.....ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ……....."
ആ ഒട്ടോയിലിരുന്നു മത്തായിച്ചൻ വിളറി വെളുത്തു.......മീനച്ചിലാറിന്  മുകളിലെ ആകാശത്തിലെയ്ക്കു  നോക്കി ആ പാവം, ഓർമ്മ വച്ച കാലം മുതൽ താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുള്ള വിശുദ്ധയോട് ചോദിച്ചു :

".....എന്തിനാ അമ്മേ, ആ പെങ്കൊച്ചിനോട് സംസാരിക്കാനുള്ള ധൈര്യം എനിക്ക് തന്നത്……...വേണ്ടായിരുന്നു ......."
 ഉത്തരം കിട്ടിയത് എട്ടുപത്ത്‌ വർഷങ്ങൾക്ക് ശേഷമാണ്….
 ആ വിശുദ്ധയെ അടക്കം ചെയ്ത പള്ളിയിൽ വച്ച്, മത്തായിച്ചൻ ഈ കഥയിലെ നായികയുടെ വിരലിൽ മോതിരം അണിയിച്ച നിമിഷം, ആ പഴയ കരിമഷിക്കണ്ണുകളിൽ ആയിരം കാർത്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ  !!!!

8 comments:

 1. aa ending ollatho kallamo????!!!!

  ethinum, kalakki macha

  ReplyDelete
 2. അളിയാ കൊള്ളാം :)

  ReplyDelete
  Replies
  1. Thanks Alby...if possible, find some time to read my first story...

   Delete
 3. "എങ്കിലെ അതിൽ പിടിച്ചു തൂങ്ങി, ആ ഹൃദയത്തിലേയ്ക്ക് ഒരു കരിങ്കുരങ്ങിനെപ്പോലെ വലിഞ്ഞു കയറാൻ പറ്റു" enikathu eshtapettu,!!!

  ReplyDelete