Tuesday, 25 June 2013

കണക്ക് , പ്രതികാരം പിന്നെ ടോണിയും

വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണമായിരുന്നു  കഴിഞ്ഞ ദിവസം . സ്കൂൾ കാലഘട്ടം അവസാനിച്ചിട്ട് വർഷങ്ങൾക്ക് ഇപ്പുറവും  ആ പഴയ സൗഹൃദം കൊണ്ടുനടക്കുന്ന ചുരുക്കം ചിലരുടെ ഒത്തുചേരൽ ആയിരുന്നു ആ കല്യാണം . അതിൽ പ്രധാനി കല്യാണ ചെറുക്കനാണ്.പക്ഷെ ആൾക്ക് അന്നൊരു ദിവസം അല്പം   ഡിസ്സിപ്ലിൻ  ഫോളോ  ചെയ്യാതെ തരമില്ലല്ലോ . അതുകൊണ്ട് യേശുക്രിസ്തു പറഞ്ഞപോലെ  ഞങ്ങൾ മൂന്ന് ആള് ചേരുന്നതിന് ഒത്തനടുക്ക് എന്നും ഉണ്ടാവാറുള്ള പുള്ളിക്കാരൻ , അന്നുവരെയുള്ള ചരിത്രത്തിൽ ആദ്യമായി , ഞങ്ങളെ കണ്ട് 'അളിയാ ' എന്ന് വിളിച്ച് ഓടി വന്നില്ല . തന്നെ വിശ്വസിച്ച് കഴുത്ത് നീട്ടിതന്ന പെണ്‍കുട്ടിയോട് കാണിക്കേണ്ട മിനിമം കമ്മിറ്റ്മെന്റ് കാരണം പുള്ളി പള്ളിക്ക് അകത്ത്‌ നിന്നു.കെട്ട് നടക്കുമ്പോൾ  പള്ളിക്ക് പുറത്ത് പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ചിരിച്ചുകളിച്ചു നിന്ന ഞങ്ങൾ പള്ളിമുറ്റത്തെ പടികൾ കയറിവന്ന ഒരാളെ കണ്ട് ബഹുമാനപൂർവ്വം നിശബ്ദരായി . പ്ലസ്‌ ടു  പഠനത്തിന്റെ രണ്ടു വർഷം ഞങ്ങളുടെ പേടി സ്വപ്നമായിരുന്ന ഉണ്ണി സാർ . കണക്ക് മാഷ്‌ . ഞങ്ങൾ സാറിന്റെ അടുത്ത് ചെന്നു . എട്ടു പത്തു കൊല്ലം മുന്പത്തെ ശിഷ്യന്മാരെ കണ്ടപ്പോൾ സാറിനു സന്തോഷമായി. എല്ലാവരുടെയും മുഖം ഓർമ്മ ഉണ്ടെങ്കിലും പേരുകൾ മറന്നു പോയിരിക്കുന്നു . എത്രയോ  കുട്ടികൾക്ക് ഡിഫറൻസിയെഷനും  ഇന്റെഗ്രഷനും  ആ പ്ലസ്‌ ടു ക്ലാസ്സ്‌ മുറിയിൽ പകർന്നതാണ്. എല്ലാ പേരുകളും ഓർത്തിരിക്കാൻ പറ്റുമോ ?? പക്ഷെ സാർ ടോണിയെ കണ്ടപാടെ പേരെടുത്തു വിളിച്ചു .
".....തന്റെ നാക്ക് പോന്നാണെടോ.....താനിട്ട പേര് ഇത്ര വർഷം കഴിഞ്ഞിട്ടും എന്നെ വിട്ട് പോയിട്ടില്ല .വരുന്ന ഓരോ പുതിയ പ്ലസ് ടു ബാച്ചിനും സീനിയേർസ് കൈമാറുന്ന ബെയ്സിക്ക്‌ ഇൻഫൊർമേഷനിൽ ഒന്നാണ് ഇന്നും ആ പേര് ..."

ഞങ്ങൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല . പരിഹാരമില്ലാത്ത ഏതോ മഹാപാപം ചെയ്ത ചേരമാൻ പെരുമാളിന്റെ  ദയനീയതയോടെ ടോണി സാറിനെ നോക്കി . 'ബുദ്ധി വികാസം പൂർണമാകാത്ത പ്രായത്തിൽ ചെയ്ത ആ വികൃതി ഞാൻ എന്നെ ക്ഷമിച്ചു ' എന്ന അർഥത്തിൽ ഉണ്ണിസാർ ഉറക്കെ ചിരിച്ചു . അടക്കി വച്ചിരുന്ന ഞങ്ങളുടെ ചിരിയും റിലീസ് ആയി . ടോണി  കൂടുതൽ ചമ്മി.

പത്തു വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ ഈ സുഹൃത്തുക്കൾ ആദ്യം കാണുന്നത് . പ്ലസ്‌ വണ്‍ ക്ലാസ്സ്‌ തുടങ്ങുന്ന അന്ന് , ഒരു കോരിച്ചൊരിയുന്ന മഴ ദിവസം . മേൽക്കൂരയുടെ എഫിഷ്യൻസി കാരണം ക്ലാസ്സിൽ കുട ചൂടി ഇരിക്കണം . 'സ്ഫടികം' സിനിമയിലെ ചാക്കോ മാഷിന്റെ മറ്റൊരു സിവിയർ വെർഷൻ ആയ ഉണ്ണിസാർ  ആണ് അടുത്ത രണ്ടു വർഷം ക്ലാസ്സ്‌ ടീച്ചർ എന്ന് ആദ്യ പീരിയഡ് തുടങ്ങിക്കൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു . സത്യം പറഞ്ഞാൽ അതിന്റെ സീരിയസ്നെസ്സ് അന്ന് ഞങ്ങൾക്ക് മനസിലായില്ല . കാരണം അടുത്ത രണ്ടു വർഷങ്ങൾ ഉണ്ണിസാർ എന്ന ഭീകര രൂപിയുടേത്  ആണ്‌  എല്ലാ ദിവസത്തെയും ആദ്യ ക്ലാസ്സ് എന്ന് അപ്പൊ ഞങ്ങൾക്ക് അറിയില്ലയിരുന്നു.

വർഷങ്ങൾക്ക് ഇപ്പുറം ഇന്നൊർക്കുമ്പോൾ ജീവിതത്തിൽ കണ്ടിട്ടുള്ള എറ്റവും മികച്ച അദ്ധ്യാപകരിൽ ഒരാളാണ്‌ ഉണ്ണിസാർ എന്ന് തിരിച്ചരിയുന്നുണ്ടെങ്കിലും, അന്ന് ഒരു പ്ലസ് വൺ കാരന്റെ കാഴ്ചപ്പാടിൽ സാറ്‌ ഒരു തികഞ്ഞ ക്രൂരൻ ആയിരുന്നു.
ബാലൻ .കെ.നായരെ ലേഡീസ്‌ ഹോസ്റ്റലിലേക്ക്‌ കയറ്റി വിട്ടതുപോലെ ഒരു ഭീകര അന്തരീക്ഷം ആയിരുന്നു ആ ക്ലാസ്സ്‌.  അച്ചടക്കം, സമയനിഷ്ഠ , പരുന്തിന്റെ നിരീക്ഷണ പാടവം എന്നിവ കണക്ക്‌ പഠിക്കാൻ വേണ്ടുന്ന മിനിമം സ്കിൽസ്സ്
ആണെന്നായിരുന്നു സാറിന്റെ പക്ഷം. മൂന്ന്‌ കാര്യങ്ങൽ ആയിരുന്നു സാറ്‌ ‘....ഹീനിയസ് ക്രൈം എഗനിസ്റ്റ് ഹ്യുമാനിറ്റി….’ ആയി കരുതിയിരുന്നത് .
ഒന്ന് : ക്ലാസ്സിൽ ലെയിറ്റ് ആയി വരുക
രണ്ട്: ക്ലാസ്സിൽ പരസ്പരം സംസാരിക്കുക
മൂന്ന്: സാറ്‌ ക്ലാസ്സിൽ ഇടുന്ന കണക്ക് ചെയ്യുന്നതിൽ പരാജയപ്പെടുക

ഒന്നാമത്തെ കാര്യം,ക്ലാസ്സിൽ ലെയിറ്റ് ആയി വരുന്ന ഏർപ്പാട്, അത് സാറിന്റെ ഒരു സെന്റിമെന്റൽ ഇഷ്യു ആയിരുന്നു.ക്ലാസ് തുടങ്ങുന്ന ഒൻപത് മണിക്ക് ശേഷം ഒരു മിനുട്ട് ആയാലും താമസിച്ച്‌ വരുന്നയാളുടെ കാര്യം പോക്കാണ്‌. ഇതുതന്നെയായിരുന്നു ആ രണ്ട് വർഷക്കാലം സാറും ടോണിയും തമ്മിലുണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ എല്ലാ എസൻസും. ടോണിയുടെ വീട് സ്കൂളിൽനിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ അകലെ മാത്രമാണ് . ഇരുപതും മുപ്പതും കിലോമീറ്റർ സഞ്ചരിച്ച് ക്ലാസ്സിൽ വരുന്ന കുട്ടികൾ വരെയുണ്ട് . പക്ഷെ സ്കൂളിന്‌ ഏറ്റവും അടുത്തുനിന്ന് വരുന്ന ടോണിയാണ് ക്ലാസ്സിൽ അവസാനം എത്തുക .അത് മിക്കപ്പോഴും ഒൻപത് മണി കഴിഞ്ഞ്  പത്ത് മിനുട്ടിനുള്ളിൽ ആയിരിക്കും .ഫലത്തിൽ ഒൻപത് മണിക്കുള്ള പ്രാർത്ഥനാഗാനത്തിന്‌ ശേഷം , വൈകി വന്നതിന് ടോണിക്കുള്ള വഴക്കും കഴിഞ്ഞാണ് ഞങ്ങളുടെ ക്ലാസ്സ്‌ ആരംഭിക്കുക.മേൽ പറഞ്ഞപോലെ സാറ് സീരിയസ് ആയിക്കണ്ടിരുന്ന മറ്റൊരു ക്രൈം , ക്ലാസ്സിൽ ഇടുന്ന കണക്ക് ചെയ്യാൻ കഴിയാതെ തല ചൊറിഞ്ഞ് ഇരിക്കുക : സത്യത്തിൽ കണക്ക് പുലി ജോഷി ഒഴിച്ചാൽ ആ ക്ലാസ്സിൽ അത്രയ്ക്ക് ഒരുമ എനിക്ക് ആ രണ്ട് വർഷവും കാണാൻ സാധിച്ചിട്ടില്ല .ചെയ്യാൻ അറിയില്ല എന്നതാണ് പ്രൈമറി റീസൺ എങ്കിലും , മറ്റൊരു ചെറിയ കാരണംകൂടിയുണ്ട്  ഇതിന്. ആ ഒരു പ്രായം മനുഷ്യന്റെ മനസ്സ് സൗന്ദര്യം എന്ന എന്ന പ്രതിഭാസത്തെ തിരിച്ചറിഞ്ഞ് തുടങ്ങുന്ന കാലമാണല്ലോ . ടോണിയുടെ കാര്യം തന്നെ എടുക്കാം :പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത്‌ , വൈകുന്നേരം ക്രിക്കറ്റ്‌ കളി കഴിഞ്ഞ് വരുന്ന വഴിക്കാണ് കടപ്പാട്ടൂർ ക്ഷേത്രത്തിൽ ദീപാരാധന തൊഴുതിട്ട് വരുന്ന ശ്രീദേവിയെ കണ്ട് മൂപ്പര് 'അസ്മാദൃശ്യനായി' നിന്നത് . ഓർമ്മ വച്ച കാലം മുതൽ തൊട്ടയലത്ത് കാണപ്പെടുന്നതും , ഇരു തൊടികളുടെയും അതിർത്തിയിലെ മരങ്ങൾ വീഴ്ത്തുന്ന മാങ്ങ , ചാമ്പക്ക  മുതലായ ഡിസ്പ്യുട്ടഡ് ഐറ്റെംസ്ന്റെ പേരിൽ പലപ്പോഴും താൻ മൈനർ കോൺഫ്ലിക്റ്റുകളിൽ ഏർപ്പെട്ടിരുന്നതുമായ ആ 'എലുമ്പിയ പെണ്ണിന് ' ഇത്രയും സൗന്ദര്യം അന്ന് എവിടുന്നു വന്നു എന്ന് ചിന്താനിമഗ്നനായി ടോണി നിന്നു. 

പത്താം ക്ലാസ്സ്‌ പരീക്ഷയുടെ റിസൾട്ട്‌ കാത്തിരിക്കുന്ന സമയത്ത് കണക്ക് പേപ്പറിനെക്കുറിച്ച്  ന്യായമായ ടെൻഷൻ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി , അല്പം മനസമാധാനം കിട്ടാൻ വേണ്ടിയാണ് അമ്പലത്തിൽ വന്നത് . ദീപാരാധന തൊഴുത്‌ അല്പം മനശാന്തിയോടെ പുറത്തിറങ്ങിയപ്പോൾ ദേ മുന്നിൽ നില്ക്കുന്നു , കൈയ്യിൽ ഒരു ക്രിക്കറ്റ്‌ ബാറ്റും പിടിച്ച് പൂഴിമണ്ണിൽ കുളിച് തന്റെ ആജന്മ ശത്രു !!!!
'...അശ്രീകരം മുന്നിൽ വന്നു നിൽക്കാൻ കണ്ട സമയം ..'   എന്ന് മനസ്സിൽ വിചാരിച്ചാണ് ആ പെണ്‍കുട്ടി ടോണിയെ നോക്കിയതെങ്കിലും , ആ കണ്ണുകളിൽ ടോണി കണ്ടെത്തിയത് അന്നുവരെ തോന്നാത്ത മറ്റെന്തോ വികാരങ്ങൾ ആയിരുന്നു .എല്ലാം തികയ്ക്കാൻ ടോണിയുടെ ആത്മാർഥ സുഹൃത്ത്‌ ജിജോ ആ കാതുകളിൽ പറഞ്ഞു ,അനേകം പേരുടെ ജീവിതം നശിപ്പിച്ചതെന്ന് പ്രശസ്തമായ ആ വരികൾ : " ഡാ ...അവള് നിന്നെത്തന്നെയാ നോക്കുന്നത് ......അവൾക്ക് നിന്നോട് എന്തോ ഉണ്ട് ....."

ഇത്തരം അനേകം ടോണിമാർക്ക് അവരുടെ ശ്രീദേവിമാരുടെ മുന്നിൽ ഷൈൻ ചെയ്യാനും , ഇമേജ് ബിൽഡപ്പ് ചെയ്യാനുമുള്ള ഏറ്റവും ഇഫെക്ടീവായ വഴികളിൽ ഒന്നായിരുന്നു ഉണ്ണി സാറിനെപ്പോലെയുള്ള അദ്ധ്യാപകർ ക്ലാസ്സിൽ ഇടുന്ന കണക്കുകൾക്ക്‌ ആദ്യം  ചെയ്യുക , ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം പറയുക . പക്ഷെ ഞങ്ങളുടെ ക്ലാസ്സിൽ ഇത്തരം വഴികൾക്ക് സ്കോപ്പ് ഇല്ല . കാരണം ഞങ്ങളുടേത് ഒരു ബോയ്സ് സ്കൂൾ ആയിരുന്നു .മീനച്ചിലാറിന്റെ തീരത്തുള്ള ആ ചെറുപട്ടണത്തിൽ ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന പിതാമഹന്മാർ ഞങ്ങളോട് ചെയ്ത അപരാധം. പള്ളിവക സ്കൂൾ സ്ഥാപിക്കാൻ തീരുമാനം ഉണ്ടായപ്പോൾ, വരും തലമുറയുടെ മോറൽ സൈഡിൽ അത്ര കോൺഫിഡെൻസ് ഇല്ലാതിരുന്ന ആ കാരണവന്മാർ തീരുമാനിച്ചു ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം വിദ്യാലയം പണിയാമെന്നും, അവ തമ്മിൽ മിനിമം ഒരു കിലോമീറ്റർ ദൂരം ഉണ്ടാവണമെന്നും .....അനേകം വർഷങ്ങൾക്ക് ശേഷം കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴും കാരണവന്മാരുടെ സാഡിസം  അവസാനിച്ചിട്ടുണ്ടായിരുന്നില്ല...അപ്പോഴും പണിതു പ്രത്യേകം പ്രത്യേകം ..

ഫലത്തിൽ ഉണ്ണിസാറ്  കണക്ക് ഇടും . അമ്പത് ആളുള്ള ക്ലാസ്സിൽ ആരെങ്കിലും മൂന്നാല് പേര് ചെയ്യും . ബാക്കിയുള്ളവര്
  '....ഇതിപ്പോ ആരെ കാണിക്കാനാ ഇത്ര ധിറുതി പിടിച്ച് ചെയ്യുന്നത് ....' 
എന്ന് വിചാരിച്ച് നോട്ട് ബുക്കിൽ  എക്സും , വൈയും , ഇസെഡും ഒക്കെ എഴുതി വരുമ്പോഴേക്കും  ".....ടൈം ഓവർ...."  എന്ന് ഉണ്ണി സാറിന്റെ  റോക്ക് ഹാർഡ് ശബ്ദം ഉയരും . ആകെയുള്ളവരിൽ നാൽപ്പത്തഞ്ച് പേരും കണക്ക് ചെയ്തിട്ടില്ലെങ്കിലും , '...തോമസ്‌ ചാക്കോ... '   ആകാനുള്ള വിധി എന്നും ടോണിക്കുതന്നെ ആയിരുന്നു . ടോണിയുടെ ബുക്ക്‌ മാത്രം സാറ് എടുത്തു നോക്കും . ക്ലാസിൽ വൈകി വന്നതിന് കിട്ടിയതിന്റെ രണ്ടാം എപ്പിസോഡ്  അപ്പൊക്കിട്ടും. ഉണ്ണി സാറിനു തന്നോടെന്തോ പേർസ്ണെൽ  വിരോധം ഉണ്ടെന്ന് ടോണി ധരിക്കാൻ ഇതൊക്കെ ധാരാളം പോരെ . ദിനം പ്രതി ടോണിക്ക് ഉണ്ണിസാറിനോടുള്ള  ദേഷ്യം കൂടി വന്നുകൊണ്ടിരുന്നു 

ക്രിസ്മസ് പരീക്ഷയുടെ റിസൾട്ട്‌  വന്നപ്പോൾ ടോണി മാത്രം കണക്കിന്  പരാജയപ്പെട്ടു .ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വച്ച് ടോണിയെ ഒരുപാട് വഴക്ക് പറഞ്ഞിട്ട് ഉത്തരക്കടലാസ് നിലത്തേക്ക്  എറിഞ്ഞിട്ട് ക്ലാസ്സ്‌ നിറുത്തി സാറ് ഇറങ്ങിപ്പോയി . ഇറങ്ങിപ്പോകുന്ന ഉണ്ണി സാറിനെ നോക്കി ടോണി പിറുപിറുത്തു :
"....ചാത്തുണ്ണി ....ചാത്തുണ്ണി ..."

സാറ് അത് കേട്ടില്ല .പക്ഷെ ക്ലാസ്സിലെ പലരും കേട്ടു. വല്ല സയൻസൊ, കണക്കൊ ആണെങ്കിൽ കേട്ടപാടെ പിള്ളേര് മറക്കും .ഇങ്ങനത്തെ കാര്യമാണെങ്കിൽ ഒറ്റത്തവണ കേട്ടാൽ മതി , കരിങ്കല്ലിൽ എഴുതിയ പോലെയാണ് . ഉണ്ണി സാറിനോട് പൊതുവെ എല്ലാർക്കും ഒരു ഭീതി കലർന്ന അമർഷം ഉണ്ടായിരുന്നകൊണ്ട് ഈ പേര്  ടോണിപോലും വിചാരിക്കാത്ത ലെവലിൽ സ്കൂളിൽ ആകെ പോപ്പുലർ ആയി .തനിക്ക് വീണിരിക്കുന്ന പേര് സാറും അറിഞ്ഞു .പക്ഷെ ഉറവിടം കണ്ടെത്താൻ പറ്റിയില്ല . ഒരു മിക്സഡ്‌  സ്കൂളിൽ ആയിരുന്നെങ്കിൽ ഇത്തരം വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ഫെമിനയിൻ ഒറ്റുകാരും സ്പൈകളും ധാരാളം ഉണ്ടായേനെ . ഇവിടെ കാര്യം ഞങ്ങളുടെ ക്ലാസുകൾ കളർ ഇല്ലാത്ത ബ്ലാക്ക്‌ & വൈറ്റ്  ആണെങ്കിലും കുട്ടികൾ തമ്മിൽ ഒരു ഒത്തൊരുമ ഉണ്ടായിരുന്നു . ഇത്തരം ചില ഹൈലി ക്ലാസ്സിഫൈഡ് രഹസ്യങ്ങൾ എന്നും രഹസ്യങ്ങളായി അവശേഷിച്ചു .

പക്ഷെ മുണ്ഢകോപനിഷത്തും മൂന്നാം മൗര്യൻ ചക്രവർത്തിയുമൊക്കെ പറഞ്ഞ കാര്യം ഇവിടെയും സംഭവിച്ചു . സത്യം , അത് എന്നായാലും പുറത്ത് വരും , അത് എന്നും ജയിക്കും .
അന്നൊരു ദിവസം പതിവുപോലെ വൈകി വീട്ടിൽനിന്നിറങ്ങിയ ടോണി ,പാതി വഴി എത്തിയപ്പോഴാണ് അന്നത്തെ കെമിസ്ട്രി ലാബിലേക്കുള്ള റെക്കോർഡ്‌ എടുത്തിട്ടില്ല എന്നോർത്തത്. തിരിച്ച് വീട്ടിലേക്ക് ഓടി റെക്കൊർഡുമെടുത്ത് ടോണി സ്കൂളിൽ എത്തിയപ്പോൾ മണി ഒൻപതെ   മുക്കാൽ. അതായത്‌ മുക്കാൽ മണിക്കൂർ ലേറ്റ് . ആദ്യ  പീരിയഡ് എന്നും ക്ലാസ്സ്‌ ടീച്ചർ ആയ  ഉണ്ണി സാറിന്റെത്  ആണല്ലോ . ഇനി ഒരു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്ത് രണ്ടാം പീരിയഡായ മലയാളം മുതൽ ക്ലാസ്സിലിരിക്കാം എന്നുവച്ചാൽ ,ഉണ്ണി സാറിന്റെ ക്ലാസ്സ്‌  കട്ട് ചെയ്ത് മറ്റു  ക്ലാസ്സുകളെല്ലാം അറ്റൻഡ് ചെയ്തു എന്ന്  പുള്ളിക്കാരൻ അറിഞ്ഞാൽ അതിനിനി വേറെ വഴക്ക് , ബഹളം , വീട്ടിൽനിന്ന് എഴുത്ത് .....അങ്ങനെ പല പ്രശ്നം.

എന്ത് ചെയ്യണം എന്നാലോചിച്ച് ടോണി നിൽക്കവെ കണ്ണ് ഉടക്കി , സ്കൂളിനോളം പഴക്കമുള്ള ആ വലിയ വാക മരത്തിന്റെ തണലിൽ പാർക്ക് ചെയ്തിരിക്കുന്ന ഉണ്ണി സാറിന്റെ കാറിൽ
..... ചില്ലുകളെല്ലാം കടും കറുപ്പ്  കൂളിംഗ് ഗ്ലാസ്സുകളായ ഒരു നീല മാരുതി 800. ആ ഒരു നിമിഷം ടോണിക്ക്  അത് വെറുമൊരു  കാറായല്ല തോന്നിയത്
മറിച്ച് തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഉണ്ണി സാർ എന്ന വ്യക്തിയുടെ സിംബൽ ആയിട്ടാണ് . ആ കാറിലേക്ക് തുറിച്ചു നോക്കി നിന്ന ഓരോ നിമിഷവും ഉണ്ണി സാറിനോടുള്ള ദേഷ്യം മനസിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു . ലാലേട്ടൻ പറഞ്ഞപോലെ, സൈക്കൊസിസ്സിൽനിന്നും  ന്യൂറൊസിസ്സിലേക്ക് സഞ്ചരിച്ച് ടോണി മറ്റൊരു നാഗവല്ലിയായി മാറി . പുള്ളിക്കാരൻ ചുറ്റുപാടും നോക്കി . സ്കൂൾ മുറ്റത്ത്‌ ആരുമില്ല , എല്ലാരും ക്ലാസ്സുകളിൽ ആണ് . എന്തോ തീരുമാനിച്ച് ഉറപ്പിച്ചിട്ട്‌ ടോണി കാറിനു നേരെ നടന്നു..........

ഇനി അല്പം ഫ്ലാഷ് ബാക്ക് . തലേന്ന് ഉച്ച സമയം ഉണ്ണിസാർ സ്റ്റാഫ്‌ റൂമിൽ വച്ച് മലയാളം അദ്ധ്യാപകൻ ബേബി സാറിനോട് ഒരു സഹായം ചോദിച്ചിരുന്നു . തികച്ചും ന്യായമായ ഒരു സഹായം . അതായത് പിറ്റേന്ന് രാവിലെ ഉണ്ണി സാറിന്റെ വീട്ടിൽ ചില ചടങ്ങുകൾ ഉണ്ട് . അച്ഛന്റെ ശ്രാദ്ധം   ആണ് .എല്ലാം കഴിഞ്ഞ് ആദ്യ പീരിയഡ് തുടങ്ങും മുൻപ്  എത്താൻ സാധിക്കില്ല . സോ ഒരു ചെറിയ പീരിയഡ് സ്വാപ്പിങ്ങ്.....ആദ്യ പീരിയഡ് മലയാളം , രണ്ടാം പീരിയഡ് കണക്ക് . ചേതമില്ലാത്ത ഉപകാരം . ബേബി സാർ സമ്മതിച്ചു . പക്ഷെ ഇതൊന്നും പിള്ളേരെ അറിയിക്കണ്ട കാര്യം ഇല്ലല്ലോ . അറിയിച്ചുമില്ല. ഫ്ലാഷ് ബാക്ക് ഓവർ .....

ഇനി തിരിച്ച്  വരാം...പിറ്റേന്ന് വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് ഉണ്ണിസാർ  സ്കൂളിൽ എത്തിയപ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു . പതിവ് പാർക്കിങ്ങ്‌  സ്പേസ്  ആയ വാക മരത്തിന്റെ  ചുവട്ടിൽ കാർ പാർക്ക്‌  ചെയ്ത ശേഷം സാറ് കാറിന്റെ ചില്ലുകൾ കയറ്റി ഇട്ടു . എന്നിട്ട്  അകത്തെ റിയർ വ്യൂ  മിററിൽ നോക്കി മുടി ഒന്ന് ചീകി വച്ചു. ആൾക്ക് ചെറിയ കഷണ്ടിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് ,മുടി ചീകി സെറ്റപ്പ് ആക്കുന്നത്  ഒരു അഞ്ചു മിനിറ്റ്  പരിപാടിയാണ് . ചീകി കഴിഞ്ഞ് കണ്ണാടിയിൽ നിന്നും കണ്ണ് എടുത്ത സാർ ആ കാഴ്ച കണ്ടു......തന്റെ  പ്രിയ  ശിഷ്യൻ ടോണി , കാറിലേയ്ക്ക് തുറിച്ചു നോക്കി , കുറച്ച് അകലെ നില്ക്കുന്നു . കടും കറുപ്പ്  കൂളിംഗ് ഗ്ലാസ്‌ ഇട്ട കാറിനകത്ത്‌ സാർ ഇരിക്കുന്നത് പാവം ടോണി എങ്ങനെ അറിയാൻ ......

എന്തോ തീരുമാനിച്ച് ഉറപ്പിച്ചിട്ട് ടോണി കാറിനു നേരെ നടന്ന്  വരുന്നത് കണ്ട് സാർ ഒന്ന് സംശയിച്ചു .
"... ഈശ്വരാ  ഈ ചെറുക്കൻ ഇതെന്തിനുള്ള പുറപ്പാട് ആണാവോ..."
എന്ന് വിചാരിച്ച് സാറ് കാറിനകത്ത്‌ അനങ്ങാതെ ഇരുന്നു . ടോണി ഡ്രൈവിംഗ് സീറ്റിന്റെ  വിൻഡ് ഷീൽഡിനടുത്ത് എത്തി . വീണ്ടും ചുറ്റും നോക്കി . ഇല്ല.....ആരും കാണുന്നില്ല ...ടോണി തന്റെ ചൂണ്ടു വിരൽ നാവിൽ  തൊട്ട്  നനച്ചിട്ട് പൊടിപടലം പരന്ന ആ ചില്ലിൽ എഴുതി :
".....ചാത്തുണ്ണി ..."
എന്നിട്ട് അടിയിൽ ഒരു വരയും , ഒരു കുത്തും ...

എഴുതിക്കഴിഞ്ഞപാടെ ചില്ല് താഴാൻ തുടങ്ങി. അകത്തു ഡ്രൈവിംഗ് സീറ്റിൽ ഉണ്ണി സാർ തന്നെ  തുറിച്ച്  നോക്കിയിരിക്കുനത്  കണ്ട്  ടോണിയുടെ സൈക്കൊസിസ്സും  ന്യൂറൊസിസ്സും  ഒക്കെ പോയി…....മുഖം ദയനീയമായി ......റെഡ് ഹാൻഡഡ് ആയി പിടിക്കപ്പെട്ടിരിക്കുന്നു....അറിയാതെ ടോണിയുടെ നാവിൽനിന്നും ആ വാക്കുകൾ പൊഴിഞ്ഞു വീണു:
"..ഗുഡ് മോർണിങ്ങ് സാർ....."സംഗതി വലിയ പ്രശ്നം ആയി. പ്രിൻസിപ്പളച്ചന്റെ  മുറിയിൽ  വച്ചുള്ള ചോദ്യം ചെയ്യലിൽ ടോണി സമ്മതിച്ചു , താനാണ്  സാറിന് ഈ പേര് ചാർത്തിയ ആ കവിവര്യൻ എന്ന് . 
പിന്നീടാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവം നടന്നത് .ശിക്ഷാ നടപടികളുടെ തുടക്കം എന്നോണം , ടോണിയുടെ പിതാവിനെ വിളിക്കാനായി ഫോണ്‍ ഡയൽ ചെയ്തു തുടങ്ങിയ  പ്രിൻസിപ്പളച്ചനെ ഉണ്ണി സാർ തടഞ്ഞു . എന്നിട്ട് ടോണി ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആ വരികൾ, ടോണിയുടെ തോളത്ത് കൈവച്ച് യേശുക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന ശാന്തതയോടെ  പറഞ്ഞു :

"....ഇപ്പൊ നീ പാഴാക്കുന്ന സമയത്തെയോർത്ത്‌ കുറെ കാലം കഴിഞ്ഞ് നിനക്ക് ദുഃഖം തോന്നും……..ഒരിക്കലും ഇനി തിരികെ ലഭിക്കില്ല എന്ന് തിരിച്ചറിയുമ്പോഴേ ചില അവസരങ്ങളുടെയും , ചില  സാധനങ്ങലുടെയും ചില  വ്യക്തികളുടെയും ഒക്കെ വില മനസ്സിലാകൂ ......കഴിവിന്റെ അങ്ങേയറ്റം ശ്രമിച്ചിട്ട് പരാജയപ്പെടുന്നവനും  ഒരു ചെറു   ശ്രമം  പോലും നടത്താതെ പരാജയപ്പെടുന്നവനും തമ്മിൽ വ്യത്യാസം ഉണ്ട്...രണ്ടാമത്തെ കൂട്ടർക്ക് കുറേ കാലം കഴിഞ്ഞ് ഒരിക്കലും ശമനം ലഭിക്കാത്ത കുറ്റബോധം ഉണ്ടാവും .......ഞാൻ പഠിപ്പിക്കുന്ന ഒരു കുട്ടിക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്നു ആഗ്രഹം ഉണ്ട് ....അതുകൊണ്ടാണ്  നിന്നെയും ഈ ക്ലാസ്സിലെ ഏതൊരു കുട്ടിയേയും ചെറിയ തെറ്റുകൾക്ക് പോലും ഞാൻ വഴക്ക് പറയുന്നതും , ശിക്ഷിക്കുന്നതും ....പോയിരുന്നു പഠിക്ക്....ഇനി ഇങ്ങനെയൊന്നും ചെയ്യരുത് ......". 

കാറിന്റെ ചില്ലിൽ എഴുതിയത്  മായ്ച്ച് കളഞ്ഞിട്ടാണ് ടോണി ക്ലാസ്സിലേക്ക് പോയത്. പക്ഷെകുറെയധികം മനസുകളിൽനിന്നും ആ പേര് മായ്ക്കാൻ
ടോണിക്ക് ആയില്ല . അത് വർഷാവർഷം എത്തുന്ന പുതിയ   വിദ്യാർദ്ധികളിലേയ്ക്ക്‌  കൈമാറപ്പെട്ടുകൊണ്ടിരുന്നു. ടോണിക്ക് ആൽഫ്രെഡ് നോബലിന്റെ  അതെ ഫെയിറ്റ്…....സ്വന്തം സൃഷ്ടിയെ ഓർത്ത് എന്നും ദുഖിക്കുക........

19 comments:

 1. കലക്കി... മെല്‍വിന്‍ ഭായീ...

  ReplyDelete
 2. debute kalakkiyeda...keep writing..:)

  ReplyDelete
 3. polichu makanae....
  That was one awesome writing....

  ReplyDelete
 4. Poli !!! aliya melvine.. cheru kadhaa ezhuthu thudangikko.. (y)

  ReplyDelete
 5. angane angad porette melvin....still miles to go I know.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. kollaam...ninte nirikshana padavam apaaram...we expect more...

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. Good one da... Keep going...

  ReplyDelete